ആലപ്പുഴ: കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ ആത്മീയവും വിദ്യാഭ്യാസപരവുമായ വളർച്ചയിൽ പങ്കുവഹിച്ച മുജാഹിദുകൾ മുസ്ലിംകൾ അല്ലെന്ന നിരുത്തരവാദപരവും മതവിരുദ്ധവുമായ പ്രസ്താവന കാന്തപുരം അബൂബക്കർ മുസ്ലിയാർ പിൻവലിക്കണമെന്ന് ആലപ്പുഴയിൽ ചേർന്ന ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടിവ് മീറ്റ് ആവശ്യപ്പെട്ടു.
മതം മറയാക്കിയുള്ള ആത്മീയ ചൂഷണങ്ങളെ തുറന്നു എതിർക്കുന്നതിനാലാണ് മുജാഹിദുകളെ ക്രൂശിക്കുന്നതെന്നും അതിനെതിരെ ഇനിയും ശക്തമായ പ്രചാരണം തുടരുമെന്നും ഐ.എസ്.എം വ്യക്തമാക്കി. ‘നേരാണ് നിലപാട്’ പ്രമേയത്തിൽ ഡിസംബർ 30, 31 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി 1000 കേന്ദ്രങ്ങളിൽ ‘ആത്മീയത വ്യവസായമല്ല വിമോചനമാണ്’ വിഷയത്തിൽ പ്രചാരണം സംഘടിപ്പിക്കും. ലിബറലിസം, നാസ്തികത എന്നീ വിഷയങ്ങളിൽ സെമിനാറുകൾ, സന്ദേശ യാത്ര, ഗൃഹസമ്പർക്കം ആദർശ പഠന ക്യാമ്പുകൾ സംഘടിപ്പിക്കും.
കെ.എൻ.എം സംസ്ഥാന ട്രഷറർ ഡോ. നൂർ മുഹമ്മദ് നൂർഷ ഉദ്ഘാടനം ചെയ്തു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ട്രഷറർ കെ.എം.എ. അസീസ്, അൻഫസ് നന്മണ്ട, ശിഹാബ് തൊടുപുഴ, ഷിബു ബാബു, മുഹമ്മദ് ആസിഫ്, ഷംസീർ കൈതേറി, ബരീർ അസ്ലം, സിറാജ് ചേലേമ്പ്ര, റഹ്മത്തുള്ള സ്വലാഹി, ഷാഹിദ് മുസ്ലിം ഫാറൂഖി, നൗഷാദ് കരുവണൂർ, സുബൈർ പിടിയേക്കൽ, നാസർ മുണ്ടക്കയം, യാസർ അറഫാത്ത് എന്നിവർ സംസാരിച്ചു. വിവിധ ജില്ലകളിലെ പ്രതിനിധികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.