കരിനിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണം -കാന്തപുരം

കോഴിക്കോട്: പൗരന്മാരുടെ ശബ്ദത്തെ അടിച്ചമര്‍ത്തുന്ന കരിനിയമങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ് ലിയാര്‍. രാജ്യദ്രോഹപ്രശ്നങ്ങള്‍ നേരിടുന്നതിന് നിര്‍മിക്കപ്പെട്ട നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേതൃത്വത്തില്‍ സ്വപ്നനഗരിയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര മീലാദ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വിമതര്‍, രാജ്യദ്രോഹി, വംശീയവാദി തുടങ്ങിയ മുദ്രകള്‍ ചാര്‍ത്തി പൗരന്മാരെ ദ്രോഹിക്കുന്ന നടപടികള്‍ വര്‍ധിച്ചു വരുകയാണ്. മുസ് ലിംകളുടെ രാജ്യസ്നേഹത്തിലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എല്ലാവരെയുംപോലെ നികുതിയടക്കുന്നവരും രാജ്യത്തിന്‍െറ നിയമങ്ങള്‍ പാലിക്കുന്നവരുമാണ് മുസ് ലിംകള്‍. സ്വാതന്ത്ര്യ സമരകാലത്ത് മറ്റെല്ലാ മതവിശ്വാസികളെയും പോലെ ദേശത്തിന്‍െറ വിമോചനത്തിനു വേണ്ടി സമരം ചെയ്തവരാണിവര്‍.

അതുകൊണ്ടുതന്നെ മുസ് ലിംകളെയും മറ്റു ദുര്‍ബല വിഭാഗങ്ങളെയും ഒറ്റപ്പെടുത്താന്‍ കഴിയില്ല. ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ടവരാണ് കരിനിയമങ്ങളുടെ ഇരകളാക്കപ്പെടുന്നത്. ഇത്തരം നിയമങ്ങളില്‍ കുരുക്കപ്പെട്ട നിരപരാധികള്‍ക്ക് നഷ്ടപരിഹാരം നല്‍കണം. നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ മുന്‍വിധികളും വിവേചനങ്ങളും ഉണ്ടാകുന്നത് രാജ്യത്തിന്‍െറ യശസ്സിനെ കളങ്കപ്പെടുത്തുമെന്നും കാന്തപുരം പറഞ്ഞു.

ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചാരങ്ങള്‍ അനുഷ്ഠിച്ച് ജീവിക്കാനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. പൗരന്മാര്‍ ഏതു മതം സ്വീകരിക്കണം, എന്തു ഭക്ഷണം കഴിക്കണം തുടങ്ങിയ കാര്യങ്ങളില്‍ ഇടപെടാന്‍ ഭരണകൂടത്തിന് അവകാശമില്ല. നോട്ട് നിരോധനാനന്തരം പാവങ്ങളാണ് രാജ്യത്ത് ഏറ്റവും കഷ്ടത അനുഭവിച്ചത്. ദുരിതം പരിഹരിച്ച് രാജ്യത്തെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ടെന്നും കാന്തപുരം വിശദീകരിച്ചു.

Tags:    
News Summary - kanthapuram react patriotism issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.