പാണാവള്ളി: കാപിേകാ റിസോർട്ട് പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ കടമ്പകളേറെ. റിസോർട്ട് പൊളിക്കാനുള്ള ആക്ഷൻ പ്ലാൻ തയാറാക്കാൻ ഉദ്യോഗസ്ഥസംഘം റിസോർട്ടിൽ സന്ദർശനം നടത്തി. ആലപ്പുഴ സബ് കലക്ടർ, ചേർത്തല തഹസിൽദാർ, പാണാവള്ളി വില്ലേജ് ഓഫിസർ, പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർ, പാണാവള്ളി ഗ്രാമപഞ്ചായത്ത് അധികൃതർ എന്നിവരടങ്ങുന്ന സംഘമാണ് റിസോർട്ടിൽ ഒന്നര മണിക്കൂറോളം നിരീക്ഷണം നടത്തിയത്. വിശദ പഠനത്തിന് സാങ്കേതിക വിദഗ്ധരടങ്ങുന്ന സംഘം തുടർച്ചയായി ക്യാമ്പ് നടത്തുമെന്ന് ഉദ്യോഗസ്ഥസംഘം പറഞ്ഞു.
പാണാവള്ളിയിൽ വേമ്പനാട്ടുകായൽ പരപ്പിലാണ് നെടിയതുരുത്തിലെ അനധികൃത സപ്തനക്ഷത്ര റിസോർട്ട് സമുച്ചയം. പ്രഥമദൃഷ്ട്യാ നടന്ന കായൽ കൈയേറ്റത്തിനും തീരപരിപാലന ലംഘനത്തിനുമെതിരെ മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനകളാണ് നിയമപോരാട്ടങ്ങൾ നടത്തിയത്. വേമ്പനാട്ടുകായൽ പരപ്പിലെ ദ്വീപായ നെടിയതുരുത്തിന് 9.5 ഏക്കർ വിസ്തീർണമാണുണ്ടായിരുന്നത്. നെൽവയലുകളും ചെമ്മീൻ വാറ്റുകേന്ദ്രങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഏതാനും കുടുംബങ്ങളായിരുന്നു ഇവിടുത്തെ താമസക്കാർ. നെടിയതുരുത്തിലെ 9.5 ഏക്കർ ഭൂപ്രദേശം 20 ഏക്കറായി വികസിപ്പിച്ചു. ഏകദേശം 250 കോടി രൂപ ചെലവിട്ട് 59 വില്ലയും അനുബന്ധ കെട്ടിടങ്ങളും മിന്നൽ വേഗത്തിൽ നിർമിച്ചു.
ശക്തമായ നീരൊഴുക്കുള്ള കായലിൽ ഇറിഗേഷൻ വകുപ്പിെൻറ അനുമതി വാങ്ങാതെ ഉണ്ടായിരുന്ന ജെട്ടി നശിപ്പിച്ചു. നീരൊഴുക്ക് തടസ്സപ്പെട്ടതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് ഉപജീവനമാർഗം തടസ്സപ്പെട്ടു. കായലിനടിയിലൂടെ വൈദ്യുതി കേബിൾ വലിക്കാനുള്ള ശ്രമം മത്സ്യത്തൊഴിലാളികൾ തടഞ്ഞെങ്കിലും പിന്നീട് അവർ അത് സാധ്യമാക്കി. തീരപരിപാലന ലംഘനമാണ് നടന്നതെന്നറിഞ്ഞിട്ടും നിർമാണത്തിെൻറ ഒരുഘട്ടത്തിലും ബന്ധപ്പെട്ട അധികാരികൾ ഇടപെട്ടിരുന്നില്ല.
പൊളിക്കുന്ന കോൺക്രീറ്റ് വേസ്റ്റ് കായലിൽ വീഴാതെ കരയിലെത്തിച്ച് നീക്കം ചെയ്യണം. പൊളിക്കുന്നതിനുവേണ്ട സാമഗ്രികൾ ഏതൊക്കെ വേണമെന്ന് ചിട്ടപ്പെടുത്തണം. കായൽ നടുവിലെ വലിയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത് വലിയ വെല്ലുവിളിയാകും. പരിസ്ഥിതി ആഘാതം ഇല്ലാതെ പൊളിച്ചുനീക്കൽ എങ്ങനെയെന്ന് വിശദപഠനം ആവശ്യമാണ്. ഇതുതന്നെയാണ് സർക്കാറിനെ കുഴക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.