തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് കാരക്കോണം സി.എസ്.െഎ മെഡിക്കൽ കോളജ് സർക്കാറുമായി കരാർ ഒപ്പിട്ടു. ഇതോടെ സർക്കാറുമായി കരാർ ഒപ്പിട്ട സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളജുകളുടെ എണ്ണം രണ്ടായി.
നേരത്തേ പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളജ് കരാർ ഒപ്പിട്ടിരുന്നു. സർക്കാർ നിയന്ത്രിത സ്വാശ്രയ കോളജായ പരിയാരം മെഡിക്കൽ കോളജും കരാർ ഒപ്പിട്ടിട്ടുണ്ട്. കഴിഞ്ഞവർഷത്തെ രീതിയിൽ നാല് ഫീസ് ഘടനയിലായിരിക്കും കാരക്കോണം കോളജിലും വിദ്യാർഥി പ്രവേശനം. 20 ശതമാനം സീറ്റിൽ ബി.പി.എൽ/ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 25000 രൂപയായിരിക്കും ഫീസ്. 30 ശതമാനം സീറ്റിൽ 2.5 ലക്ഷം രൂപയും 35 ശതമാനം സീറ്റിൽ 11 ലക്ഷവും 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ 15 ലക്ഷം രൂപയുമായിരിക്കും വാർഷിക ഫീസ്. മുഴുവൻ സീറ്റിലേക്കും പ്രവേശനപരീക്ഷ കമീഷണർ ആയിരിക്കും അലോട്ട്മെൻറ് നടത്തുക.
ഇവിടെ 150 സീറ്റുകളാണ് എം.ബി.ബി.എസിനുള്ളത്. പത്ത് കോളജുകൾ കഴിഞ്ഞവർഷത്തെ രീതിയിൽ നാലുതരം ഫീസ് ഘടനയിൽ വിദ്യാർഥി പ്രവേശനത്തിന് സർക്കാറിനെ സന്നദ്ധത അറിയിച്ചിരുന്നു. ഇതിൽ മൂന്ന് കോളജുകൾ ആണ് ഇതുവരെ കരാർ ഒപ്പിട്ടത്. ഫീസ് നിർണയവുമായി ബന്ധപ്പെട്ട് ഹൈകോടതി മുമ്പാകെയുള്ള കേസിെൻറ വിധി കാത്താണ് മറ്റ് കോളജുകൾ കരാറിൽ ഒപ്പിടാൻ വൈകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.