മലപ്പുറം: എടവണ്ണപ്പാറയിലെ പ്ലസ് വൺ വിദ്യാർഥിനിയുടെ ദുരൂഹ മരണത്തിൽ കരാട്ടെ പരിശീലകൻ അറസ്റ്റിൽ. ഊർക്കടവ് സ്വദേശി വി. സിദ്ദീഖ് അലിയെ (43) ആണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് ആറോടെ ചാലിയാറിലെ വാഴക്കാട് മപ്രം മുട്ടുങ്ങൽ കടവിലാണ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ പുഴയിലാണ് പെൺകുട്ടിയുടെ മൃതദേഹം ഉണ്ടായിരുന്നത്.
ആറ് മണി മുതൽ കാണാതായ പെൺകുട്ടിക്കായി ബന്ധുക്കളും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് പുഴയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്നാണ് മരണത്തിൽ ദുരൂഹത ചൂണ്ടിക്കാട്ടി പെൺകുട്ടിയുടെ കരാട്ടെ പരിശീലകനെതിരെ വാഴക്കാട് പൊലീസിന് പിതാവ് പരാതി നൽകിയത്.
സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടു പേരെ പെൺകുട്ടിയെ കണ്ടെത്തിയ സ്ഥലത്തിന് സമീപം കണ്ടിരുന്നു. പ്രദേശവാസികൾ ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ഇവർ ബൈക്ക് ഓടിച്ച് പോയതായും ബന്ധുക്കൾ പരാതിയിൽ പറയുന്നു. പരിശീലകൻ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിനാൽ പെൺകുട്ടി മാനസികമായി തളർന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ പെൺകുട്ടി പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം നേടിയിരുന്നു. അധ്യാപകനെതിരായ പരാതി കോഴിക്കോട് ചൈൽഡ് വെൽഫയർ കമ്മിറ്റി വഴി പൊലീസിന് കൈമാറിയിരുന്നെങ്കിലും മാനസിക സമ്മർദം കാരണം പെൺകുട്ടിയുടെ മൊഴിയെടുക്കാൻ കഴിഞ്ഞിരുന്നില്ല.
പ്രതിയെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ആക്ഷൻ കമ്മിറ്റിയും ഇ.ടി. മുഹമ്മദ് ബഷീർ എം.പി ചെയർമാനായി വിപുലമായ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.