കൊച്ചി: കരീലക്കുളങ്ങര വിക്രമൻ വധക്കേസിൽ ഒന്നാം പ്രതിയുടെ ജീവപര്യന്തം തടവുശിക്ഷ ഹൈകോടതി ശരിവെച്ചു. ചിങ്ങോലി മംഗലത്തുകിഴക്കതിൽ അമ്പിളി എന്ന അജയചന്ദ്രന് (32) മാവേലിക്കര അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി.ബി. സുരേഷ്കുമാർ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. അതേസമയം, മറ്റ് രണ്ട് പ്രതികളെ വിചാരണക്കോടതി വിട്ടയച്ചതിൽ സംശയം പ്രകടിപ്പിച്ച കോടതി ഇവർക്കെതിരെ പ്രോസിക്യൂഷൻ അപ്പീൽ നൽകിയിട്ടില്ലെന്നത് രേഖപ്പെടുത്തി ഹരജി തീർപ്പാക്കി. ഒന്നാം പ്രതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി പരിഗണിച്ചത്.
2014 ഏപ്രിൽ 16നാണ് വിക്രമനും മകനും ഒന്നാം പ്രതിയുടെ കുത്തേറ്റത്. ആശുപത്രിയിലേക്കുള്ള വഴി വിക്രമൻ മരിച്ചു. നിസ്സാര കാര്യങ്ങൾ വലിയ അക്രമത്തിലേക്ക് പോകുന്നതിന് ഉദാഹരണമാണ് ഈ കേസെന്ന് കോടതി പറഞ്ഞു. അജയചന്ദ്രന്റെ പിതാവും രണ്ടാം പ്രതിയുമായ ഭുവനചന്ദ്രനിൽ നിന്ന് അയൽവാസിയായ വിക്രമൻ 100 രൂപ കടം വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇത് തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ പ്രതിയും വിക്രമന്റെ മകൻ ജയ്മോനുമായി ഉത്സവപ്പറമ്പിൽ വെച്ച് തർക്കമുണ്ടായി. ദിവസങ്ങൾക്കുശേഷം അജയൻ ജയ്മോനെ അനുനയസ്വരത്തിൽ വീടിനടുത്തുള്ള റോഡിലെ കലുങ്കിനടുത്തേക്ക് വിളിച്ചുവരുത്തി തലക്ക് അടിച്ചുവീഴ്ത്തി. അതുവഴി വന്ന വിക്രമൻ പ്രശ്നത്തിൽ ഇടപെട്ടതോടെ മറ്റ് രണ്ട് പ്രതികൾകൂടി എത്തി മൂവരും ചേർന്ന് വിക്രമനെയും മകനെയും മർദിക്കുകയും അജയചന്ദ്രൻ കത്തിയെടുത്ത് ഇരുവരെയും കുത്തുകയും ചെയ്തു. പരിക്കുകളോടെ രക്ഷപ്പെട്ട ജയ്മോന്റെ പരാതിയിലാണ് കരീലക്കുളങ്ങര പൊലീസ് കേസെടുത്തത്. 2017 ഏപ്രിൽ 12ന് വിധിപറഞ്ഞ വിചാരണക്കോടതി, അജയചന്ദ്രന് ജീവപര്യന്തം തടവും പിഴയും വിധിക്കുകയും മറ്റ് രണ്ടുപേരെ വെറുതെ വിടുകയും ചെയ്തു. തുടർന്നാണ് ഒന്നാം പ്രതി അപ്പീൽ നൽകിയത്.
കൊല ചെയ്യണമെന്ന് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നായിരുന്നു പ്രതിയുടെ പ്രധാന വാദം. കൊലപാതകം ആസൂത്രിതമായിരുന്നില്ലെന്നതിന് കൂട്ടുപ്രതികളെ വെറുതെ വിട്ട സാഹചര്യം തെളിവാണ്. ഫോൺകാൾ േഡറ്റ ഹാജരാക്കാത്തത് അടക്കം പ്രോസിക്യൂഷന്റെ ഭാഗത്ത് പിഴവുകളുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, മരിച്ചയാളുടെ ഭാര്യയടക്കം ദൃക്സാക്ഷികളുള്ള കേസാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരകൾക്കേറ്റ മുറിവുകളിൽനിന്ന് അവരെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് കുത്തിയതെന്നും വ്യക്തമാണ്. തുടർന്നാണ് ഒന്നാം പ്രതിയുടെ ശിക്ഷ കോടതി ശരിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.