കരിപ്പൂർ വിമാനദുരന്തത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളവരെ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ സന്ദർശിക്കുന്നു.

കരിപ്പൂർ വിമാനദുരന്തം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

കരിപ്പൂർ: വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചികിത്സ ചെലവ് സൗജന്യമായിരിക്കും. ചികിത്സയിൽ കഴിയുന്നവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാമെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയില്‍ കഴിയുന്നവരെ സന്ദർശിച്ച് ആരോഗ്യ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാനും നിർദ്ദേശം നൽകി.

ആളുകളെ രക്ഷപ്പെടുത്തുന്നതിൽ അതിശയകരമായ ദൗത്യം നിർവ്വഹിച്ച നാട്ടുകാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. അപകടം അവിചാരിതമെന്നും രക്ഷാപ്രവർത്തനം ഇത്ര വേഗത്തിൽ നടന്നത് അപൂർവ്വമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാനും സ്പീക്കർ പി. ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡി.ജി.പിയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

നേരത്തേ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10ലക്ഷം രൂപയും, ഗുരുതര പരിക്കേറ്റവർക്ക് 2ലക്ഷവും, പരിക്കേറ്റവർക്ക് 50,000 രൂപയും കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇൻഷുറൻസ് ആനുകൂല്യത്തിന് പുറമെയാണിത്. കരിപ്പൂരിലെത്തിയ മന്ത്രി അപകട സ്ഥലവും സന്ദർശിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.