കരിപ്പൂർ അപകടം: നഷ്ടപരിഹാര വിതരണം പൂർത്തിയായി

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ പരിക്കേറ്റവർക്കും മരണപ്പെട്ടവരുടെ ആശ്രിതർക്കും നഷ്ടപരിഹാര വിതരണം പൂർത്തിയായി. പരിക്കേറ്റ രണ്ടുപേർക്ക് മാത്രമാണ് ഇനി തുക ലഭിക്കാനുള്ളത്. അപകടം നടന്ന് രണ്ട് വർഷത്തിനകംതന്നെ നഷ്ടപരിഹാരം കൈമാറാൻ സാധിച്ചു. പൈലറ്റും കോപൈലറ്റും ഉൾപ്പെടെ മരണപ്പെട്ട 21 പേരുടെ ബന്ധുക്കൾക്ക് തുക നൽകി. നഷ്ടപരിഹാരമായി ലഭിച്ച തുകയിൽ യാത്രക്കാരും ആശ്രിതരും തൃപ്തരാണ്. കൂടാതെ, പരിക്കേറ്റവരുടെ ചികിത്സ ചെലവും വിമാനക്കമ്പനിയാണ് വഹിച്ചത്.

12 ലക്ഷം മുതൽ 7.2 കോടി വരെയാണ് നഷ്ടപരിഹാരം ലഭിച്ചതെന്ന് എം.ഡി.എഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ഭാരവാഹികൾ പറഞ്ഞു. പരിക്കിന്‍റെ അവസ്ഥ, തുടർചികിത്സക്ക് വരുന്ന ചെലവ്, പരിക്ക് ഇവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ ആഘാതം, വരുമാനം എന്നിവ കണക്കാക്കിയാണ് നഷ്ടപരിഹാരം നിർണയിച്ചത്.

ദുബൈയിൽ ജോലി ചെയ്യുന്ന ഒരാൾക്കും മലപ്പുറം താനൂർ സ്വദേശിക്കും മാത്രമാണ് ഇനി പണം ലഭിക്കാനുള്ളത്. നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിന് എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് നിരവധി തവണ അദാലത്ത് സംഘടിപ്പിച്ചിരുന്നു. ആശ്രിതർക്കും പരിക്കേറ്റവർക്കും ഓഫർ ലെറ്ററും നൽകി. തുടർന്നാണ് അന്തിമ തുക നിശ്ചയിച്ച് അക്കൗണ്ടിലേക്ക് കൈമാറിയത്.

വിമാനത്തിൽ ക്രൂ ഉൾപ്പെടെ 190 പേരാണ് ഉണ്ടായിരുന്നത്. 18 പേർ അപകടദിവസവും മൂന്നുപേർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. 169 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 76 പേരുടേത് ഗുരുതര പരിക്കായിരുന്നു. അപകടത്തിൽപെട്ടവരിൽ 122 പേരാണ് വിമാനക്കമ്പനിയുമായി നേരിട്ട് ഇടപെട്ടത്. ബാക്കിയുള്ളവർ യു.എ.ഇ, അമേരിക്ക എന്നിവിടങ്ങളിലെ നിയമസ്ഥാപനം മുഖേനയാണ് നഷ്ടപരിഹാരത്തിന് സമീപിച്ചത്. ഈ രണ്ട് സ്ഥാപനത്തെയും സമീപിച്ചവർക്ക് മാത്രമാണ് ഇനി തുക കിട്ടാനുള്ളത്. അതേസമയം, 2010 ലെ മംഗളൂരു വിമാനാപകടത്തിൽ മരണപ്പെട്ട 158 പേരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം ഇപ്പോഴും പൂർണമായി വിതരണം ചെയ്തിട്ടില്ല. 

Tags:    
News Summary - Karipur accident: Compensation distribution complete

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.