കോഴിക്കോട്: കരിപ്പൂർ അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ആശ്വാസധനം വിതരണം ചെയ്യാനായില്ല. പണം ജില്ല കലക്ടർമാരുടെ അക്കൗണ്ടിൽ എത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പിൽനിന്ന് രേഖകൾ ശരിയാവാൻ വൈകുന്നതും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പിശകുകൾ തിരുത്താൻ സമയമെടുക്കുന്നതും തടസ്സമാവുകയാണ്.
പത്തുലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ മരിച്ചവരുെട ബന്ധുക്കൾക്ക് അടിയന്തര സഹായം പ്രഖ്യാപിച്ചത്. ദുരന്തം നടന്ന് രണ്ടു മാസം പിന്നിട്ടിട്ടും ആശ്വാസ സഹായമായി ലഭിക്കേണ്ട തുക ലഭിച്ചില്ല.
അതേസമയം, എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് ഇൻഷുറൻസ് അഡ്വാൻസായി പരിക്കേറ്റവർക്കും മരിച്ചവരുടെ ബന്ധുക്കൾക്കും അടിയന്തരസഹായം ലഭ്യമായിട്ടുണ്ട്. വില്ലേജ് ഒാഫിസുകളിൽനിന്നും മറ്റും രേഖകൾ ശരിയാവാൻ വൈകുന്നതാണ് സംസ്ഥാന സർക്കാറിെൻറ സഹായം വൈകാൻ ഒരു കാരണം. പോസ്റ്റ്മോർട്ടം റിപ്പോർട്ടുകളിൽ പേരുൾപ്പെടെ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ വന്ന പിശകുകൾ തിരുത്താൻ വൈകുന്നതും സഹായ വിതരണം വൈകാൻ കാരണമാവുന്നുണ്ട്.
ഇതിനുവേണ്ടി ഒരു ഡിവൈ എസ്.പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരിച്ചവരുടെ കൂടെ യാത്ര ചെയ്തവരാണ് രേഖകൾ ശരിയാക്കാൻ ഒാഫിസുകൾ കയറിയിറങ്ങുന്നത്. ഇവരിൽ പലരും പരിക്കേറ്റതിെൻറ പ്രയാസത്തിലാണ്. 22 പേരാണ് കരിപ്പൂർ ദുരന്തത്തിൽ മരിച്ചത്.
150 ലേറെ പേർക്ക് പരിക്കേറ്റിരുന്നു. കാലിനാണ് ഏറെപേർക്കും ഗുരുതര പരിക്ക്. അഞ്ചുമുതൽ പത്തുവരെ ശസ്ത്രക്രിയകൾ കഴിഞ്ഞവരാണ് അധികവും. പരിക്കേറ്റ് മിംസ് ആശുപത്രിയിൽ കഴിഞ്ഞ വയനാട് സ്വദേശി നൗഫൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശുപത്രി വിട്ടത്.
അപകടത്തിൽ ഏറ്റവും കൂടുതൽ പരിക്കേറ്റത് നൗഫലിനായിരുന്നു. ഒന്നരമാസം കഴിഞ്ഞ് ഇനിയും ശസ്ത്രക്രിയ വേണം നൗഫലിന്. പരിക്കേറ്റവർക്ക് സംസ്ഥാന സർക്കാർ സഹായം പ്രഖ്യാപിച്ചിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.