കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ സുരക്ഷ മേഖല ദീര്‍ഘിപ്പിക്കാന്‍ സ്ഥലം ഏറ്റെടുത്തു നല്‍കണമെന്ന കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യം നിയമസഭയില്‍ ചര്‍ച്ചയായെങ്കിലും നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാകുമെന്നതില്‍ അവ്യക്തത തുടരുന്നു. സെപ്റ്റംബര്‍ 15നകം ഭൂമി ഏറ്റെടുത്തു നല്‍കുമെന്ന് നേരത്തേ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും മുഴുവന്‍ കൈവശക്കാരുടേയും രേഖകള്‍ മൂന്ന് ദിവസത്തിനകം ലഭിക്കാനിടയില്ല. നടപടികള്‍ തുടരുകയാണെന്നാണ് സര്‍ക്കാറിന്റെയും ഉദ്യോഗസ്ഥരുടേയും വിശദീകരണം.
മുന്‍ധാരണ പ്രകാരമുള്ള സമയ പരിധിക്കകം നെടിയിരുപ്പ്, പള്ളിക്കല്‍ വില്ലേജുകളില്‍നിന്നായി 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെങ്കിൽ റണ്‍വേ നീളം കുറച്ച് സുരക്ഷ മേഖല ദീര്‍ഘിപ്പിക്കുമെന്നാണ് കേന്ദ്ര മന്ത്രി സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചത്. ഇത്തരത്തിലുള്ള നീക്കം ഉണ്ടാകുന്നതോടെ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള സാധ്യത മങ്ങും.രണ്ട് വില്ലേജുകളിലായി 80 കൈവശ ഭൂമികളാണ് ഏറ്റെടുക്കേണ്ടത്. ഏറ്റെടുക്കുന്ന സ്ഥലത്തെ ഭൂ പരിധിയും കെട്ടിടങ്ങള്‍, മരങ്ങള്‍, കാര്‍ഷിക വിളകള്‍, കിണറുകളും മതിലുകളുമുള്പ്പെടെയുള്ള നിർമിതികള്‍ എന്നിവയുടെയെല്ലാം കണക്കുകള്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നെങ്കിലും നഷ്ടപരിഹാരം എന്ന് ലഭ്യമാക്കുമെന്നതിലും നിലവില്‍ ഉറപ്പില്ല.
2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരില്‍ വിമാന ദുരന്തം ഉണ്ടായതോടെയാണ് വ്യോമയാന മന്ത്രാലയം യാത്രികരുടെ സുരക്ഷ മുന്‍നിര്‍ത്തി റണ്‍വേ സുരക്ഷ മേഖല ദീര്‍ഘിപ്പിക്കണമെന്ന നിലപാടിലെത്തിയത്. ദുരന്തമുണ്ടായ ശേഷം അനിശ്ചിതത്വത്തിലായ വലിയ വിമാനങ്ങളുടെ സര്‍വിസുകള്‍ കരിപ്പൂരില്‍ ഇനിയും പുനരാരംഭിച്ചില്ല.
ദുരന്ത കാരണം അന്വേഷിച്ച എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ പൈലറ്റിനു സംഭവിച്ച വീഴ്ചയാണ് കണ്ടെത്തിയിരുന്നത്. റണ്‍വേ സംബന്ധിച്ചുള്ള പ്രശ്നങ്ങളൊന്നും റിപ്പോര്‍ച്ചില്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് രൂപവത്കരിച്ച വിദഗ്ധ സമിതി റണ്‍വേയില്‍ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ശിപാര്‍ശ ചെയ്തതോടെ വലിയ വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്നതിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയില്ല. റണ്‍വേയുടെ ഇരു ഭാഗങ്ങളിലുമുള്ള സുരക്ഷ മേഖല (റെസ) 90 മീറ്ററില്‍നിന്ന് 240 മീറ്ററായി ഉയര്‍ത്താനായിരുന്നു വിദഗ്ധ സമിതിയുടെ നിർദേശം. അതിനായി സ്ഥലമേറ്റെടുത്തു നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്.
കൊണ്ടോട്ടി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള നടപടികളും റണ്‍വേ സുരക്ഷ മേഖലയുടെ വിപുലീകരണത്തിന് ഭൂമിയേറ്റെടുക്കലിലെ കാലതാമസവും നിയമസഭയില്‍ വിഷയമായി. ഭൂമി ഏറ്റെടുക്കല്‍ വൈകുന്നത് വിമാനത്താവള വികസനത്തെ ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി ടി.വി. ഇബ്രാഹിം എം.എല്‍.എയാണ് വിഷയം സഭയിലുയര്‍ത്തിയത്. വിമാനത്താവള വികസനം സാധ്യമാക്കി വലിയ വിമാനങ്ങളുടെ സർവിസ് പുനരാരംഭിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ചോദ്യത്തിന് മറുപടി നല്കി.
സ്ഥലം ഏറ്റെടുക്കുന്നതിന് ഗതാഗത, റവന്യൂ വകുപ്പുകളില്‍നിന്ന് ഭരണാനുമതികളും വിജ്ഞാപനവും പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതാണെന്നും 2013ലെ എല്‍.എ.ആര്.ആര് നിയമപ്രകാരം ഏറ്റെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചെലവ് കേരള സര്‍ക്കാറും റെസ വികസനത്തിന്റെ ചെലവ് വിമാനത്താവള അതോറിറ്റിയും വഹിക്കും. റൺവേ വികസിപ്പിക്കുന്നതിന് ഭൂമി നിരപ്പാക്കുന്നതിന് ആവശ്യമായ തുകയില്‍ 100 കോടി രൂപ വിമാനത്താവള അതോറിറ്റിയും ഭൂമി ഏറ്റെടുക്കുന്നതിനും പുനരധിവാസ പാക്കേജിനും ആവശ്യമായ തുക സംസ്ഥാന സര്‍ക്കാറും വഹിക്കുന്ന രീതിയിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. ഇതിന് 84.10 കോടി രൂപ സര്‍ക്കാര്‍ ചെലവ് കണക്കാക്കിയിട്ടുണ്ട്. ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. റണ്‍വേ വികസനം സാധ്യമാക്കി വലിയ വിമാനങ്ങള്‍ ഇറങ്ങുന്നതിനും വിമാനത്താവള വികസനം സാധ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും മുഖ്യമന്ത്രി ടി.വി. ഇബ്രാഹിം എം.എല്‍.എ.യെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.