കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇത്തിഹാദ് വിമാനം റൺവേയ ിൽനിന്ന് തെന്നിമാറി. വിമാനത്തിെൻറ ചക്രങ്ങൾ പൊട്ടുകയും റൺവേയിലെ ലൈറ്റുകൾ തകരു കയും ചെയ്തു. തലനാരിഴക്കാണ് വൻ ദുരന്തം ഒഴിവായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷ ിതരാണ്. 135 യാത്രക്കാരുമായി അബൂദബിയിൽ നിന്നെത്തിയ ഇത്തിഹാദ് എയർവേസിെൻറ ഇ.വൈ 250 വിമാനമാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച പുലർച്ച 5.15ഒാടെയാണ് സംഭവം. 4.45ന് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനം കാലാവസ്ഥ പ്രതികൂലമായതിനാൽ അൽപം വൈകിയാണ് ലാൻഡ് ചെയ്തത്.
കിഴക്ക്-പടിഞ്ഞാറ് റൺവേയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. റൺവേയിൽ ഇറങ്ങിയ വിമാനം 900 മീറ്റർ പിന്നിട്ടപ്പോൾ വലതുവശത്തേക്ക് തെന്നിനീങ്ങി. റൺവേയുടെ വശങ്ങളിൽ സ്ഥാപിച്ച ലീഡിങ് ലൈറ്റുകൾക്ക് മുകളിലൂടെ കയറിയ വിമാനം 200 മീറ്ററോളം സഞ്ചരിച്ച ശേഷമാണ് വീണ്ടും റൺവേയിൽ പ്രവേശിച്ചത്. ഇതിനിടയിൽ അഞ്ച് ലീഡിങ് ലൈറ്റുകളും വിമാനത്തിെൻറ വലതുവശത്തെ രണ്ടു ചക്രങ്ങളും തകർന്നു. റൺവേ പരിധിക്ക് പുറത്ത്, റൺവേ ഷോൾഡറിൽ പ്രവേശിക്കുന്നതിന് മുമ്പുതന്നെ വിമാനം തിരിച്ചെത്തിക്കാൻ സാധിച്ചു. റൺവേയിൽ നിശ്ചയിച്ച പരിധിക്കു പുറത്താണ് വിമാനം എത്തിയത്. തുടർന്ന് ഏപ്രണിൽ എത്തിച്ചശേഷം യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. സംഭവം നടന്ന ഉടൻ പൈലറ്റ് വ്യോമഗതാഗത വിഭാഗത്തിൽ (എ.ടി.സി) വിവരം അറിയിച്ചതിനെ തുടർന്ന് അടിയന്തര സാഹചര്യം നേരിടാൻ അഗ്നിശമന സേനയെ ഉൾപ്പെടെ ഒരുക്കിയിരുന്നു.
തകർന്ന അഞ്ചു ലൈറ്റുകൾ ഒരു മണിക്കൂറിനകം പുനഃസ്ഥാപിച്ചു. ചക്രങ്ങൾ പൊട്ടിയതിനാൽ 5.45ന് അബൂദബിയിലേക്ക് മടങ്ങേണ്ട വിമാനത്തിന് തിരിച്ചുപോകാൻ സാധിച്ചില്ല. 84 പേരാണ് മടക്കയാത്രക്കുണ്ടായിരുന്നത്. ഇതിൽ കുറച്ചു പേരെ രാവിലെ ഒമ്പതിനുള്ള ഇത്തിഹാദിെൻറ രണ്ടാമത്തെ വിമാനത്തിൽ അയച്ചു. ബാക്കിയുള്ളവരെ മറ്റു വിമാനങ്ങളിലും. പൊട്ടിയ ചക്രങ്ങൾ മാറ്റിയശേഷം വിമാനത്തിന് രാത്രിയോടെ മടങ്ങാൻ ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകി.
രാത്രി മടങ്ങുമെന്ന് അധികൃതരും അറിയിച്ചു. പ്രതികൂല കാലാവസ്ഥയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിമാനം ലാൻഡ് ചെയ്യുന്ന സമയത്ത് ചെറിയ മഴയുണ്ടായിരുന്നു. ഇതിനാൽ കുറച്ചു സമയത്തിനു ശേഷമാണ് വിമാനം ഇറങ്ങിയത്. കാലാവസ്ഥ, റൺവേ കാഴ്ച തുടങ്ങിയ കാര്യങ്ങളിൽ അതോറിറ്റി ഡി.ജി.സി.എക്ക് വിശദീകരണം നൽകും. വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയ ശേഷമേ അപകട കാരണം വ്യക്തമാകുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.