കരിപ്പൂർ വിമാനാപകടം നടന്ന് ഒരാണ്ട്പിന്നിടുേമ്പാഴും നാട് നടുങ്ങിയ ദുരന്തത്തിൽ നിന്ന് ആ മനുഷ്യർ കരകയറിയിട്ടില്ല. അപകടത്തിൽ 165 പേർക്കാണ് പരിക്കേറ്റത്. പകുതിയോളം പേർക്ക് നഷ്ടപരിഹാരം നൽകിയതായാണ് വിമാനക്കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
75ഓളം പേർക്ക് നഷ്ടപരിഹാരം ലഭിച്ചു. പരിക്കേറ്റവരിൽ 122 പേരും മരിച്ചവരിൽ ഒരാളുമാണ് നഷ്ടപരിഹാരത്തിന് ബന്ധപ്പെട്ടത്. ഇതിൽ രണ്ടുപേർ ഇപ്പോഴും ചികിത്സയിലാണ്. ചികിത്സ പൂർത്തിയായ ശേഷം ബന്ധപ്പെടാമെന്നാണ് ഇവർ വിമാന കമ്പനിയെ അറിയിച്ചിരിക്കുന്നത്. ബാക്കിയുള്ളവർക്കാണ് നഷ്ടപരിഹാരം സംബന്ധിച്ച് വാഗ്ദാനപത്രമയച്ചത്. ഇതിൽ ഒാഫർ സ്വീകരിച്ച 75 പേർക്ക് തുക ലഭിച്ചു. ബാക്കിയുള്ളവരുമായി ചർച്ചകൾ പുരോഗമിക്കുകയാണ്.
മരിച്ച 18 പേരും പരിക്കേറ്റവരിൽ 25 പേരും യു.എ.ഇ ആസ്ഥാനമായ നിയമ സ്ഥാപനത്തെയും പരിക്കേറ്റ ബാക്കി 18 പേർ അമേരിക്ക ആസ്ഥാനമായ നിയമ സ്ഥാപനത്തെയുമാണ് നഷ്ടപരിഹാരത്തിനായി ചുമതലപ്പെടുത്തിയത്. ഇവർക്ക് നഷ്ടപരിഹാരം ലഭ്യമായോ എന്നതിനെക്കുറിച്ച് അറിയില്ലെന്ന് വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.
ദുരന്തത്തെ അതിജീവിച്ചു ഇനി?
കോവിഡിെന തുടർന്ന് വിദേശത്ത് കുടുങ്ങിയവർ നാട്ടിലേക്ക് തിരിച്ചെത്തുന്നതിെൻറ ആശ്വാസത്തിലായിരുന്നു വിമാനം ലാൻഡ് ചെയ്യുന്ന നിമിഷം വരെ. മിനിറ്റുകൾക്കിടെ എല്ലാം മാറി മറിഞ്ഞു.
വിമാനദുരന്തമെന്ന അത്യാഹിതഘട്ടത്തെ അതിജീവിച്ചെങ്കിലും അതുണ്ടാക്കിയ ആഘാതത്തെ മറികടക്കാൻ കഴിയാത്ത അവസ്ഥയിലാണ് ഒട്ടുമിക്കവരും. ഗുരുതരമായി പരിക്കേറ്റവർ ഇപ്പോഴും ചികിത്സയിലാണ്. ജോലി നഷ്ടപ്പെട്ടവർ നിരവധി. അപകടത്തിന് ശേഷം ആശുപത്രികൾ കയറിയിറങ്ങുകയാണ് ഇപ്പോഴും പരിക്കേറ്റവർ. ജീവിതത്തിെൻറ ഗതിമാറിയിട്ട് ഒരു വർഷം പിന്നിട്ടിരിക്കുന്നു. നഷ്ടപരിഹാരം ലഭിക്കാത്തവരാണ് ഏറെ പേരും. ഇനി ലഭിച്ചാലും ബാക്കിയുള്ള ജീവിതം എന്താകുമെന്ന ആശങ്കയും കാർമേഘം പോലെ മൂടിനിൽക്കുന്നു. ഗുരുതരമായി പരിക്കേറ്റവർക്ക് ഇനി ജോലിക്ക് പോകാൻ സാധിക്കില്ല. പ്രതിസന്ധിയിലായ കുടുംബജീവിതം, ചികിത്സ ചെലവ്, മറ്റ് ചെലവുകൾ, ഭാവിയിൽ ചികിത്സക്കുണ്ടാകുന്ന ചെലവ് തുടങ്ങി ഒരുപാട് ചോദ്യങ്ങളാണ് ഇരകൾക്ക് മുന്നിൽ ഉയർന്ന് നിൽക്കുന്നത്. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽനിന്ന് അർഹമായ സഹായങ്ങളൊന്നും ലഭിച്ചില്ലെന്ന് ഇരകൾ പറയുന്നു. നിരവധി തവണ മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, കലക്ടർമാർ എന്നിവരെ കണ്ട് സഹായം അഭ്യർഥിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എയർ ഇന്ത്യ എക്സ്പ്രസ് ചികിത്സ ചെലവ് വഹിച്ചത് മാത്രമാണ് ആശ്വാസം.
ശനിയാഴ്ച സംഗമം
ദുരന്തത്തിെൻറ ഓർമ പുതുക്കാൻ പരിക്കേറ്റവരും മരിച്ചവരുടെ ബന്ധുക്കളും വാർഷികദിനമായ ആഗസ്റ്റ് ഏഴിന് ഒരിക്കൽകൂടി കരിപ്പൂരിലെത്തും. വിമാനാപകടം നടന്ന സ്ഥലത്തുതന്നെയാണ് ഇവർ സംഗമിക്കുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന പരിപാടിയിൽ എം.കെ. രാഘവൻ എം.പി, ടി.വി. ഇബ്രാഹിം എം.എൽ.എ എന്നിവർ പങ്കെടുക്കും. കേന്ദ്രമന്ത്രി വി. മുരളീധരൻ, ശശി തരൂർ എം.പി അടക്കമുള്ളവർ ഓൺലൈനായും സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.