മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമി മാത്രം വിട്ടുകൊടുക്കുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന് ആക്ഷേപം. പള്ളിക്കൽ വില്ലേജിൽ ഏകദേശം 2,70,000 മുതൽ 3,29,000 വരെയാണ് റോഡ് സൗകര്യമുള്ള ഭൂമിക്ക് ലഭിക്കുന്നത്. എന്നാൽ, നെടിയിരുപ്പ് വില്ലേജിൽ 2.41 ലക്ഷം മുതൽ 2.79 വരെയാണ് സെന്റിന് ലഭിക്കുന്നത്. ഇതിൽ വീടുണ്ടെങ്കിൽ അതിനനുസരിച്ചുള്ള മാന്യമായ നഷ്ടപരിഹാരം ലഭിക്കുമ്പോൾ തരിശായി കിടക്കുന്ന ഭൂമിക്ക് അനുയോജ്യമായ നഷ്ടപരിഹാരം ഇല്ലെന്നാണ് ആക്ഷേപം.
മലപ്പുറത്ത് നടന്ന ചർച്ചയിൽ പ്രദേശത്തെ ജനപ്രതിനിധികൾ ഇക്കാര്യം മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. എന്നാൽ, ഓരോ വ്യക്തികൾക്കും വരുന്ന നഷ്ടം കണക്കാക്കി തുക നൽകുമെന്ന് മന്ത്രി പറയുമ്പോഴും റോഡ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ കുറവുള്ള ആളുകൾക്ക് എത്രമാത്രം പരിഗണന ലഭിക്കുമെന്നാണ് ചോദ്യം. കൂടുതൽ ചർച്ചകൾ വേണമെന്നും ഭൂമിയുടെ വില ഉയർത്തണമെന്നും പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജിലെ ജനപ്രതിനിധികൾ പറഞ്ഞു.
മലപ്പുറം: കരിപ്പൂർ വിമാനത്താവള വികസന ഭാഗമായി ഭൂമി വിട്ടുനൽകുന്നവർക്ക് ഉയർന്ന തുകതന്നെ നഷ്ടപരിഹാരം നൽകുമെന്നാണ് മലപ്പുറത്ത് നടന്ന ചർച്ചയിൽ തീരുമാനിച്ചതെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. ഇത് നടപ്പാക്കണമെങ്കിൽ ആദ്യം നഷ്ടം കണക്കാക്കണം.
ആ ജോലിയാണ് തിങ്കളാഴ്ച ആരംഭിക്കുന്നത്. വീട്, ഭൂമി, കെട്ടിടം, മരങ്ങൾ, കിണർ, മതിൽ, മറ്റ് വസ്തുക്കൾ തുടങ്ങി ഓരോന്നിനും വേറെ വേറെയാണ് പാക്കേജ്.
പുനരധിവാസ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവേ നടത്തിയാൽ മാത്രമേ ഓരോ കുടുംബത്തിനുമുള്ള നഷ്ടപരിഹാര തുക എത്രയെന്നത് കൃത്യമായി പറയാനാകൂ. ഭൂമിക്ക് എത്രയാണ് അടിസ്ഥാനവില നിശ്ചയിച്ചതെന്ന ചോദ്യത്തിന് ഒരു വസ്തുവിന്റെ കൂടെയുള്ള മറ്റ് വസ്തുക്കളുടെ മൂല്യംകൂടി ചേർത്താൽ മാത്രമേ അടിസ്ഥാനവില ആകൂവെന്നും അതാണ് തീരുമാനിക്കേണ്ടതെന്നും ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.