മാനന്തവാടി: കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് പരിശോധന നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടക സർക്കാർ നടപടി മലയാളികളെ വലക്കുന്നു. ഞായറാഴ്ച പുലർച്ച ബാവലി കർണാടക ചെക്ക് പോസ്റ്റിൽ എത്തിയ നിരവധി വാഹനങ്ങളാണ് പൊലീസ് തടഞ്ഞത്. ഇത് വലിയ തോതിലുള്ള വാക്കേറ്റത്തിനും ഗതാഗത തടസ്സത്തിനും ഇടയാക്കി. രാവിലെ എട്ടിന് ആരോഗ്യ പ്രവർത്തകരുടെ പരിശോധനക്കുശേഷം മാത്രമാണ് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയത്. ഇതോടെയാണ് സംഘർഷവും ഗതാഗത തടസ്സവും നീങ്ങിയത്.
വരുംദിവസങ്ങളിൽ പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കടത്തിവിടില്ലെന്ന നിലപാടിലാണ് കർണാടക അധികൃതർ. ഇത് മൈസൂരു -മാനന്തവാടി ബസ് സർവിസിനെ ബാധിച്ചേക്കും. കഴിഞ്ഞ ദിവസം മുതലാണ് തോൽപ്പെട്ടി കുട്ടത്തും ബാവലിയിലും പൊലീസും ആരോഗ്യ വകുപ്പും പരിശോധന കർശനമാക്കിയത്. കർണാടക സർക്കാറിെൻറ തീരുമാനം വ്യാപാരികളെയും കർണാടകയിൽ കൃഷി ചെയ്യുന്ന മലയാളി കർഷകരെയും വിദ്യാർഥികളെയുമാണ് ഏറെ വലച്ചിരിക്കുന്നത്. വിഷയത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം വിവിധ കോണുകളിൽനിന്ന് ഉയരുന്നുണ്ട്.
കൽപറ്റ: സംസ്ഥാനത്തുനിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ വിഷയത്തിൽ കർണാടകയുമായി അടിയന്തര ചർച്ച നടത്തണം എന്നാവശ്യപ്പെട്ട് സി.കെ. ശശീന്ദ്രൻ എം.എൽ.എ മുഖ്യമന്ത്രിക്ക് കത്തയച്ചു.
ഇളവ് ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. യാത്ര ചെയ്യേണ്ടിവരുന്ന ആളുകള്‍ക്ക് ആർ.ടി.പി.സി.ആർ പരിശോധന സ്വകാര്യ ആശുപത്രിയിലും സൗജന്യമാക്കണമെന്നും കത്തിൽ അഭ്യർഥിച്ചു.
ദൈനംദിനം കര്‍ണാടകയുമായി ബന്ധപ്പെടുന്ന വ്യാപാരികള്‍, കര്‍ഷകര്‍, വിദ്യാര്‍ഥികള്‍ എന്നിവരെ പ്രതികൂലമായി ബാധിക്കുന്നതാണ് കർണാടകയുടെ നടപടി. കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ അതിര്‍ത്തിയില്‍നിന്നു തിരിച്ചയക്കുകയാണ്. ചരക്ക് ലോറികളും പച്ചക്കറി എടുക്കാൻ പോകുന്ന വാഹനങ്ങളും തടയുന്നതും വലിയ പ്രയാസം സൃഷിക്കുന്നുണ്ട്.
പരിശോധനക്കായി സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ടിവരുന്നത് സാധാരണക്കാരായ ആളുകള്‍ക്ക് വലിയ സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
കല്പറ്റ: കേരളത്തിൽനിന്ന് കർണാടകയിലേക്ക് പോകുന്നവർക്ക് കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് കർണാടക സർക്കാർ പിന്‍വലിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. നിലവില്‍ കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി ഒരിടത്തുമില്ലാത്ത നിബന്ധനയാണ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
കര്‍ണാടകയില്‍നിന്ന് അവശ്യസാധനങ്ങള്‍ കൊണ്ടുവരാനും അത്യാവശ്യങ്ങള്‍ക്കും യാത്ര ചെയ്യുന്ന മലയാളികളെ പ്രതികൂലമായി ബാധിക്കും.
അന്തര്‍ സംസ്ഥാന ബസ് സര്‍വിസ് അടക്കം തടസ്സപ്പെടാന്‍ ഇത് കാരണമാകും. വിഷയത്തില്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് മുഖ്യമന്ത്രിതല ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാറിന് കത്തയക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.