കോട്ടയം: എം.ജി സർവകലാശാല ഇന്‍റർ യൂനിവേഴ്സിറ്റി സെന്‍ററിലെ അധ്യാപകനെതിരെ ലൈംഗികപീഡന പരാതി നൽകിയത് കർണാടക സെൻട്രൽ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥിനി. വിഷയത്തിൽ കർണാടക സർവകലാശാല ഇടപെട്ടതായാണ് വിവരം. വിദ്യാർഥിനി ട്രോമയിലാണെന്നും ഇതേതുടർന്ന് വീട്ടിലേക്ക് മടങ്ങിയെന്നുമാണ് സർവകലാശാല അധികൃതർ അറിയിച്ചിട്ടുള്ളത്.
സ്‌കൂൾ ഓഫ് ഇന്‍റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്‌സിലെ അധ്യാപകനാണ് ആരോപണവിധേയൻ. ഈ മാസം അഞ്ച്, ആറ് തീയതികളിൽ കുടിയേറ്റം സംബന്ധിച്ച സെമിനാറിൽ പങ്കെടുക്കാനാണ് പെൺകുട്ടി എം.ജി സർവകലാശാലയിലെത്തിയത്. സെമിനാറിനുശേഷം ഫീൽഡ് വിസിറ്റിന് എറണാകുളത്തുപോയി. ഇവിടെവെച്ച് ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായാണ് പരാതി.
നാട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടി സർവകലാശാല രജിസ്ട്രാർക്ക് വിവരം അറിയിച്ച് എസ്.എം.എസ് അയച്ചു. രജിസ്ട്രാറുടെ നിർദേശപ്രകാരം ഇ-മെയിൽ വഴിയും പരാതി നൽകി. ഇത് രജിസ്ട്രാർ മുദ്രവെച്ച കവറിൽ വൈസ് ചാൻസലർക്കും ഇന്‍റേണൽ കമ്മിറ്റിക്കും കൈമാറുകയായിരുന്നു. ഇന്‍റേണൽ കമ്മിറ്റി റിപ്പോർട്ട് അനുസരിച്ച്, പൊലീസിന് കൈമാറുക അടക്കം തുടർനടപടികൾ സ്വീകരിക്കുമെന്ന് രജിസ്ട്രാർ ഡോ. ബിസ്മി ഗോപാലകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരോപണവിധേയൻ ഇടതുസംഘടന പ്രവർത്തകനായതിനാൽ അധികൃതർ പരാതി ഒതുക്കാൻ ശ്രമിക്കുന്നുവെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സംഭവം നടന്നത് സർവകലാശാലക്കുള്ളിൽ അല്ലാത്തതിനാലും പരാതിക്കാരി മറ്റൊരു സംസ്ഥാനത്തുനിന്നുള്ള പെൺകുട്ടി ആയതിനാലും പരാതി പൊലീസിന് കൈമാറണമെന്നാണ് ഒരുവിഭാഗം അധ്യാപകരുടെ അഭിപ്രായം. വിദ്യാർഥിനിയുടെ പരാതി ഉടൻ പൊലീസിന് കൈമാറണമെന്നും അല്ലാത്ത പക്ഷം സർവകലാശാലയിലേക്ക് മാർച്ച് നടത്തുമെന്നും മുൻ സിൻഡിക്കേറ്റ് അംഗം ജോർജ് വർഗീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.