കൊച്ചി: പെരുമ്പാവൂർ ബൈപാസ് നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബൈപാസ് ഒന്നാംഘട്ടത്തിൻറെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. 301 കോടി രൂപയുടെ പദ്ധതിയാണ് പെരുമ്പാവൂർ ബൈപാസ്. പദ്ധതി പൂർത്തീകരിക്കുന്നതിന് എല്ലാ മാസവും പ്രത്യേക അവലോകനം നടത്തും.
ജനസാന്ദ്രതയേറിയ കേരളത്തിലെ അതിവേഗ നഗരവത്ക്കരണം ഗതാഗത പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതു പരിഹരിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചു വരികയാണ്. നഗരറോഡ് വികസന പദ്ധതി, ഫ്ളൈ ഓവർ, ജംഗ്ഷൻ നവീകരണം തുടങ്ങിയ പദ്ധതികൾ ഇതിൻ്റെ ഭാഗമാണ്. തടസമില്ലാത്ത റോഡ് ശൃംഖലയ്ക്ക് രൂപം നൽകുകയാണ് ലക്ഷ്യം.
ഇതിന് അനുസൃതമായ പദ്ധതികൾ പെരുമ്പാവൂരിലും നടത്തി വരികയാണ്. നിരത്ത് വിഭാഗത്തിൽ മാത്രം 41.85 കോടി രൂപയുടെ പദ്ധതികൾ ഇവിടെ പൂർത്തിയാക്കി. 20.29 കോടിയുടെ പദ്ധതികൾക്ക് കൂടി അനുമതി നൽകിയിട്ടുണ്ട്. കിഫ്ബി വഴി 12.68 കോടിയുടെ പദ്ധതികൾ പൂർത്തിയാക്കി. പാലങ്ങളുടെ വിഭാഗത്തിൽ 27 കോടിയുടെ മൂന്ന് പദ്ധതികൾ പൂർത്തിയാക്കി. 39.12 കോടി നാല് പദ്ധതികൾ പുരോഗമിക്കുന്നു. വികസനകാര്യത്തിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
ബൈപാസിനായി സ്ഥലം വിട്ടുനൽകിയ ഭൂ ഉടമകളെ ചടങ്ങിൽ ആദരിച്ചു. വ്യവസായിയും സാമൂഹ്യ പ്രവർത്തകനുമായ പൗലോസ് തേപ്പാലയെ മന്ത്രി ആദരിച്ചു. തോമസ് വട്ടോപ്പിള്ളി വരച്ച ചിത്രം മന്ത്രിക്ക് സമ്മാനിച്ചു. ഏഴു മാസത്തിനകം ബൈപാസ് നിർമാണം പൂർത്തിയാക്കാനാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച എൽദോസ് പി കുന്നപ്പിള്ളിൽ എം എൽ എ പറഞ്ഞു.
എം എൽ എ മാരായ റോജി എം. ജോൺ, അൻവർ സാദത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കലക്ടർ എൻ എസ് കെ ഉമേഷ്, നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ, തുടങ്ങിയവർ പങ്കെടുത്തു.
പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ 2016 ലാണ് ബൈപാസിന് തുക വകയിരുത്തിയത്. മരുത് കവലയിൽ നിന്ന് തുടങ്ങി എം.സി റോഡ്, പി.പി റോഡ് എന്നിവ കടന്ന് പാലക്കാട്ട് താഴത്ത് അവസാനിക്കുന്ന വിധത്തിൽ നാല് കിലോമീറ്റർ ദൂരത്തിൽ രണ്ട് ഘട്ടങ്ങളായാണ് പദ്ധതിയുടെ രൂപകൽപ്പന.
ആലുവ മൂന്നാർ റോഡിലെ മരുതുകവല മുതൽ പഴയ എം സി റോഡ് വരെയുള്ള ഒന്നാംഘട്ടത്തിൽ ഒന്നര കിലോമീറ്റർ ദൂരമാണുള്ളത്. പഴയ എം സി റോഡ് മുതൽ പാലക്കാട്ടു താഴം വരെയാണ് രണ്ടാംഘട്ടം. ആദ്യഘട്ടത്തിന് 134 കോടി രൂപയുടെ അനുമതിയാണ് കിഫ്ബി നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.