മാനന്തവാടി: പട്ടികവർഗ വകുപ്പ് ആംബുലൻസ് ഏർപ്പെടുത്താത്തതിനാൽ ആദിവാസി വയോധികയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ. പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി ഒ.ആർ. കേളുവിന്റെ മണ്ഡലമായ മാനന്തവാടിയിലാണ് സംഭവം. എടവക വീട്ടിച്ചാൽ നാല് സെന്റ് കോളനിയിലെ പരേതനായ കയമയുടെ ഭാര്യ ചുണ്ട (98) ക്കാണ് ഈ ദുർഗതി.
ഞായറാഴ്ച രാത്രിയാണ് വാർധക്യസഹജമായ അസുഖത്തെതുടർന്ന് ചുണ്ട മരിച്ചത്. അപ്പോൾമുതൽ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പട്ടികവർഗ വകുപ്പ് ഉദ്യോഗസ്ഥരും ട്രൈബൽ പ്രമോട്ടറുമായി ബന്ധപ്പെട്ട് ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ട്രൈബൽ പ്രമോട്ടർ തിരിഞ്ഞുനോക്കുക പോലും ചെയ്തില്ല.
ഇതോടെ തിങ്കളാഴ്ച ഉച്ചയോടെ ഓട്ടോറിക്ഷ വിളിച്ച് രണ്ട് കി.മീറ്റർ ദൂരത്തെ എള്ളുമന്ദം സമുദായ ശ്മശാനത്തിൽ മൃതദേഹം എത്തിച്ച് സംസ്കരിക്കുകയായിരുന്നു. ആംബുലൻസ് സ്ഥലത്തില്ലാത്തതിനാലാണ് നൽകാൻ കഴിയാത്തതെന്നാണ് ട്രൈബൽ അധികൃതർ നൽകുന്ന വിശദീകരണം. ചുണ്ടയുടെ മക്കൾ: പുഷ്പ, രാധ, പരേതനായ ഉണ്ണി മരുദാസൻ, ശങ്കരൻ, മുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.