തിരുവനന്തപുരം: കര്‍ണാടക വിജയം കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. ഒന്നിച്ച് നിന്നാൽ കോൺഗ്രസിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ലെന്ന് തെളിയിക്കുന്നതാണ് കര്‍ണാടക ഫലമെന്നും സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഡി.കെ. ശിവകുമാറിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചാണ് സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്.
എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകരോട്...
കർണാടക വിജയം നമുക്ക് മാതൃകയാണ്. കർണാടക നമ്മളിൽ ഓരോരുത്തർക്കും പാഠമാണ്. ഒന്നിച്ചു നിന്ന് പൊരുതിയാൽ കോൺഗ്രസിനെ തോൽപ്പിക്കാനുള്ള കരുത്ത് മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും ഇല്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. ഈ വിജയത്തിന് ചുക്കാൻ പിടിച്ച എന്റെ പ്രിയ സുഹൃത്ത് ഡി കെ ശിവകുമാറിനോടും, രാജ്യത്തിന്റെ ഹൃദയത്തിലേക്ക് നടന്നു കയറിയ രാഹുൽ ഗാന്ധിയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കടപ്പെട്ടിരിക്കുന്നു. പരാജയങ്ങളിൽ പാർട്ടിയെ താങ്ങി നിർത്തിയ കോൺഗ്രസ് പ്രവർത്തകർക്കും എന്റെ സല്യൂട്ട്... നിങ്ങളാണ് ഈ പാർട്ടി, നിങ്ങളുടെ ത്യാഗമാണ് നമ്മുടെ വിജയം.
കോൺഗ്രസ്സിനോളം സ്നേഹിക്കപ്പെട്ട മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യയിലില്ല. കാശ്മീർ മുതൽ കന്യാകുമാരി വരെ സ്നേഹത്തിന്റെ നൂലിൽ മനുഷ്യരാശിയെ കോർത്തിണക്കാൻ കഴിവുള്ള, ആഴത്തിൽ വേരുകൾ പതിഞ്ഞ, ശക്തമായ ആശയാടിത്തറയുള്ള മറ്റൊരു പാർട്ടി ഈ രാജ്യത്തില്ല. ഒറ്റക്കെട്ടായി നിന്ന് നമ്മൾ ഒത്തൊരുമിച്ചിറങ്ങിയാൽ, ഒറ്റ മനസ്സായി ജനങ്ങൾ നമുക്ക് പിന്നിൽ അണിനിരക്കും.
ഇനിയങ്ങോട്ട് കൈമെയ് മറന്നു പൊരുതേണ്ട ദിനങ്ങളാണ്. സംസ്ഥാനതലം മുതൽ ബൂത്ത് തലം വരെ കൃത്യമായ സംഘടനാ സംവിധാനം കെപിസിസി ഉണ്ടാക്കും. CUC കളുടെ പൂർത്തീകരണത്തിന് പാർട്ടി അത്യധികം പ്രാധാന്യം നൽകുന്നുണ്ട്. ആ സംവിധാനത്തിൽ ആത്മാർത്ഥതയോടെ കൂടി പ്രവർത്തിച്ചാൽ കർണാടകയിൽ ഉണ്ടായതിനേക്കാൾ മികച്ച നേട്ടം കേരളത്തിൽ നമുക്ക് ഉണ്ടാക്കാനാകും. കോൺഗ്രസിന്റെ തിരിച്ചുവരവിന്റെ കാഹളം കർണാടകത്തിൽ മുഴങ്ങി കഴിഞ്ഞു... വരുന്നത് ലോക്സഭ തെരഞ്ഞെടുപ്പാണ്... 20 എംപിമാരെ കേരളത്തിൽ നിന്ന് വിജയിപ്പിച്ചു അയക്കേണ്ടത് നമ്മുടെ ചുമതലയാണ്.
ലോകത്തുള്ള എല്ലാവിധ ജീർണതകളും പേറി നടക്കുന്നൊരു സർക്കാരാണ് കേരളത്തിലേത്. കേരളം കണ്ട ഏറ്റവും വലിയ ക്രിമിനലും അഴിമതിക്കാരനുമാണ് നമ്മുടെ മുഖ്യമന്ത്രി. പിണറായി വിജയനെന്ന ക്രൂരനായ രാഷ്ട്രീയക്കാരനെയും, കമ്മ്യൂണിസമെന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെയും കേരളത്തിന്റെ ചവറ്റുകുട്ടയിലെറിഞ്ഞു കൊണ്ടു ഈ മലയാള നാടിനെ നമുക്ക് "ജനാധിപത്യ"ത്തിലേക്ക് തിരിച്ചുകൊണ്ടുവരാം...
കെ സുധാകരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.