കാർത്ത്യായനിയമ്മ കേരളത്തിന്‍റെ അഭിമാനം, സ്ത്രീകൾക്ക് പ്രചോദനം; അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരത പഠിതാവ് മുട്ടം ചിറ്റൂര്‍ പടീറ്റതില്‍ കാർത്ത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. കാർത്ത്യായനിയമ്മ കേരളത്തിന്റെ അഭിമാനമാണെന്നും നൂറുകണക്കിന് സ്ത്രീകൾക്ക് പ്രചോദനമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ സാക്ഷരതാ പഠിതാവായ കാർത്ത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിക്കുന്നു. സാക്ഷരത മിഷൻ വഴി നടപ്പാക്കിയ അക്ഷരലക്ഷം പദ്ധതിയിൽ 96-ാം വയസ്സിൽ പങ്കെടുത്ത് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് കാർത്ത്യായനിയമ്മയായിരുന്നു. നാലാം തരം തുല്യത ക്ലാസിൽ ചേർന്ന് പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മക്ക് ലഭിക്കുന്നത്.

തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്ത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നത്. നാരീശക്തി പുരസ്കാരം വാങ്ങിയ ശേഷവും പുരസ്കാരവുമായി നേരിട്ട് കാണാൻ വന്നിരുന്നു.

കുട്ടിക്കാലം മുതൽ അധ്വാനിച്ച് കുടുംബം പോറ്റേണ്ടി വന്നതിനാൽ ഇത്രയും കാലമായിട്ടും പഠനത്തിന്റെ വഴിയിൽ വരാൻ പറ്റാതിരുന്ന അവർ, ഒരവസരം കിട്ടിയപ്പോൾ, പ്രായം വകവെക്കാതെ, അതിന് സന്നദ്ധയായത് നൂറുകണക്കിന് സ്ത്രീകൾക്കാണ് പ്രചോദനമായത്. കേരളത്തിന്റെ അഭിമാനമാണ് കാർത്യായനിയമ്മ. ഒരു മാതൃക വ്യക്തിത്വത്തെയാണ് വിയോഗത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു.

Tags:    
News Summary - Karthyayani Amma is the pride of Kerala, an inspiration for women; Condolence CM Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.