തൃശൂർ: കോൺഗ്രസ് കോട്ടയെന്നും ലീഡറുടെ തട്ടകമെന്നും വർഷങ്ങൾക്കിപ്പുറവും ഊറ്റംകൊള്ളുമ്പോഴും കരുണാകരൻ തെരഞ്ഞെടുപ്പിലെ ആദ്യപരാജയമറിഞ്ഞത് തൃശൂരിൽനിന്നുതന്നെ. കേരളത്തിെൻറ ആദ്യ ആരോഗ്യ മന്ത്രിയായ എ.ആർ. മേനോനാണ് കെ. കരുണാകരൻ എന്ന കോൺഗ്രസിലെ രാഷ്ട്രീയ ഭീഷ്മാചാര്യരെ ആദ്യം കയ്പുനീർ കുടിപ്പിച്ചത്. പിന്നീടും കരുണാകരനും മകൻ മുരളീധരനും ഒടുവിൽ 2016ലെ നിയമസഭ തെരഞ്ഞെടുപ്പിൽ മകൾ പത്മജയും പരാജയമറിഞ്ഞെങ്കിലും ലീഡറുടെ ആദ്യ പരാജയം ഇന്നും തെരഞ്ഞെടുപ്പ് ചരിത്രത്തിലെ വേറിട്ടതാണ്.
പാലക്കാട് ചിറ്റൂരിലെ അമ്പാട്ട് കുടുംബത്തിലാണ് എ.ആർ. മേനോൻ ജനിച്ചത്. മദ്രാസ് സർവകാലാശാലയിൽനിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷം ഉപരിപഠനം ഇംഗ്ലണ്ടിൽ. അവിടെനിന്ന് വൈദ്യശാസ്ത്രത്തിൽ എം.ബി.സി.എച്ച്.ബി എടുത്തു. ഒന്നാം ലോകയുദ്ധം കൊടുമ്പിരിക്കൊണ്ട സമയത്ത് മേനോൻ ബ്രിട്ടനിൽ ഡോക്ടറായിരുന്നു. 1921ൽ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം തൃശൂരിൽ പ്രാക്ടീസ് തുടങ്ങി.
1957ലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് ആര് നയിക്കുമെന്ന ചോദ്യത്തിന് ഇ.എം.എസിന് മുന്നിലെ ഏക ഉത്തരം മേനോനായിരുന്നു. തൃശൂര്‍ നിയോജക മണ്ഡലത്തില്‍നിന്ന് ഇടതു പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് നിയമസഭയിലെത്തുന്നത്.
തനിക്കെതിരെ ആരെങ്കിലും തൃശൂരിൽ മത്സരിച്ച്, കെട്ടിെവച്ച പണം നേടാമെങ്കില്‍ താന്‍ തോറ്റതായി കണക്കാക്കും എന്ന് മേനോന് പ്രഖ്യാപിച്ചു. ഈ വെല്ലുവിളി സ്വീകരിക്കാന്‍ മറ്റാരും മുന്നോട്ട് വന്നില്ല. ആ വാശിയിലാണ് കരുണാകരൻ മത്സരത്തിനിറങ്ങിയത്. വെല്ലുവിളി ഏറ്റു. 1000 വോട്ടിനാണ് മേനോൻ കരുണാകരനെ തോൽപിച്ചത്. രാഷ്ട്രീയത്തിനുമപ്പുറം സൗഹൃദം സൂക്ഷിച്ചിരുന്ന കരുണാകരൻ പിന്നീട് പലപ്പോഴും കെട്ടിെവച്ച പണം തിരിച്ചുകിട്ടുമെന്നും തത്ത്വത്തിൽ താൻ എ.ആർ. മേനോനെ തോൽപിച്ചതായും സ്വതസിദ്ധമായ തമാശയായി പങ്കുവെച്ചിരുന്നു.
20 വർഷത്തോളം കൊച്ചി നിയമസഭയിലും ഒരുതവണ തിരു-കൊച്ചി നിയമസഭയിലും എ.ആർ. മേനോൻ സേവനമനുഷ്ഠിച്ചു. രണ്ടുതവണ തൃശൂർ നഗരസഭ കൗൺസിലറായിരുന്ന അദ്ദേഹം മദ്രാസ് സർവകലാശാല സെനറ്റ് അംഗവും ആയിരുന്നു. നിയമസഭ സമാജികനായിരിക്കെ 1960 ഒക്ടോബർ 10ന് 74ാം വയസ്സിലാണ് നിര്യാതനായത്. കേരളം ഇന്ന് ലോകത്തിന് മുന്നിൽ ആരോഗ്യരംഗത്തെ വാഴ്ത്തുമ്പോൾ അതിന് വഴിയൊരുക്കിയവരിലെ പ്രമുഖനാണ് എ.ആർ. മേനോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.