തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഭരണസമിതിയംഗങ്ങളെ പ്രതിയാക്കാൻ ധാരണ. അന്വേഷണ സംഘം ചൊവ്വാഴ്ച യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. മുഖ്യപ്രതി സുനിൽകുമാർ അറസ്റ്റിലായ സാഹചര്യത്തിൽ മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ ജാമ്യം ലഭിക്കാനിടയില്ലെന്ന നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സുനിൽകുമാർ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്.വായ്പാതട്ടിപ്പിന് പിന്നിൽ പ്രതികൾ തന്നെയാണെങ്കിലും ഭരണസമിതി അംഗങ്ങൾക്ക് ഇത് സംബന്ധിച്ച് അറിവുണ്ടെന്നാണ് അന്വേഷണ സംഘത്തിെൻറ വിലയിരുത്തൽ. രേഖകളിലെ ഇവരുടെ ഒപ്പുകൾ വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പ്രതികൾ ഇട്ടതാണെന്നാണ് ഭരണസമിതിയംഗങ്ങൾ പറയുന്നത്.
എന്നാൽ, വായ്പക്കായി ഈട് നൽകുന്ന സ്ഥലങ്ങൾ പ്രസിഡൻറും വൈസ് പ്രസിഡൻറും പ്രദേശത്തെ അംഗത്തോടൊപ്പം നേരിട്ട് കണ്ട് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. തട്ടിപ്പ് നടത്തിയ ഭൂരിഭാഗം അപേക്ഷകളിലും ഇത്തരം പരിശോധന വ്യാജമായി തയാറാക്കിയതാണ്. മാത്രമല്ല, വായ്പ അനുവദിക്കുമ്പോൾ കരഭൂമിയാണ് ഈടായി വെക്കേണ്ടത്. എന്നാൽ ഭൂരിഭാഗം അപേക്ഷകളിലും വയലുകളാണുള്ളത്. ഭരണസമിതി അംഗങ്ങളായ ചിലർക്ക് തട്ടിപ്പ് സംഘത്തിൽ പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിരുന്നു.
തട്ടിപ്പ് ഭരണസമിതി നേരത്തേ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റിയുടെ ശബ്ദരേഖ കൂടി പുറത്തുവന്നതാണ് ഭരണസമിതിയംഗങ്ങളെ കുരുക്കിലാക്കുന്നത്. ഇതിനിടെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് ചൊവ്വാഴ്ച സർക്കാറിന് കൈമാറും. ഇതിന് ശേഷമേ ബാങ്കിെൻറ സാമ്പത്തിക ബാധ്യതകളിൽ സർക്കാർ ഇടപെടൽ സംബന്ധിച്ച് തീരുമാനമെടുക്കൂ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.