കരുവന്നൂർ: സി.പി.എം തൃശൂർ ജില്ല സെക്രട്ടറി ഇന്ന് വീണ്ടും ഇ.ഡിക്ക് മുന്നിൽ

തൃശൂർ: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസ് ചൊവ്വാഴ്ച വീണ്ടും ഇ.ഡിക്ക് മുന്നിൽ ഹാജരാവും. ഇത് മൂന്നാം തവണയാണ് വർഗീസ് ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു നിർദേശിച്ചിരുന്നത്. എന്നാൽ നവകേരള സദസ്സ് കണക്കിലെടുത്ത് അവധി തേടിയതിനെ തുടർന്നാണ് ബുധനാഴ്ചയിലേക്ക് മാറ്റിയത്.

കരുവന്നൂർ ബാങ്കിലെ സി.പി.എം അക്കൗണ്ടുകളുമായി ബന്ധപ്പെട്ടാണ് ജില്ല സെക്രട്ടറിയെ ചോദ്യം ചെയ്യുക. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കിൽ അഞ്ച് അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അക്കൗണ്ടുകൾ ഉണ്ടെന്നുമാണ് ഇ.ഡി ആരോപണം. ഓരോ അക്കൗണ്ട് വഴിയും അരക്കോടിയുടെ വരെ ഇടപാടുകൾ നടന്നിട്ടുണ്ടെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പറയുന്നത്.

ബെനാമി ലോണുകളുടെ കമീഷൻ തുകയുടെ കൈമാറ്റമാണ് പാര്‍ട്ടി അക്കൗണ്ടുകൾ വഴി നടന്നത്. ക്രമക്കേട് പുറത്തായതിന് പിന്നാലെ പാര്‍ട്ടി അക്കൗണ്ടിൽ നിന്ന് 90 ശതമാനം തുകയും പിൻവലിച്ചുവെന്നും ഇ.ഡി പറയുന്നു. നേരത്തെ ചോദ്യം ചെയ്യലിന് എത്തിയപ്പോൾ അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ജില്ല കമ്മിറ്റിയുടെ ഒരു അക്കൗണ്ട് വിവരം മാത്രമാണ് നൽകിയതെന്നാണ് പറയുന്നത്.

അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണമെന്നാണ് അന്ന് എം.എം. വർഗീസ് മൊഴി നൽകിയത്. ചൊവ്വാഴ്ച ഹാജരാകുമ്പോൾ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, കരുവന്നൂർ, പൊറത്തിശേരി ലോക്കൽ കമ്മിറ്റി, ബാങ്ക് നിൽക്കുന്ന കരുവന്നൂർ ബ്രാഞ്ച് ഘടകങ്ങളുടെ അക്കൗണ്ട് വിവരങ്ങളും ഇ.ഡിക്ക് കൈമാറും.

ഇതിനിടെ കേസിലെ പ്രതികളായ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാർ, മാനേജർ ബിജു കരീം എന്നിവരെ മാപ്പ് സാക്ഷികളാക്കാൻ തീരുമാനിക്കുകയും റിമാൻഡിലുള്ള വടക്കാഞ്ചേരി നഗരസഭ സ്ഥിരം സമിതി അധ്യക്ഷനും സി.പി.എം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷൻ നേരിട്ട് ഇ.ഡിക്ക് എഴുതി നൽകിയ മൊഴിപ്പകർപ്പും പുറത്ത് വന്നതിന് പിന്നാലെയാണ് ജില്ല സെക്രട്ടറി വീണ്ടും ഇ.ഡിക്ക് മുന്നിലെത്തുന്നത്.

കള്ളപ്പണക്കേസിലെ മുഖ്യപ്രതി സതീഷ് കുമാറുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുള്ളതും പാർട്ടി നേതാക്കൾ പണം വാങ്ങിച്ചിട്ടുള്ളതുമടക്കം കാര്യങ്ങൾ അരവിന്ദാക്ഷൻ കൈപ്പടയിൽ എഴുതി നൽകിയ മൊഴിയിലുണ്ട്. നേരത്തെ സതീഷ് കുമാറിന്റെ ഡ്രൈവറും സമാന മൊഴി നൽകിയിരുന്നു. തിങ്കളാഴ്ച തൃശൂരിലുണ്ടായിരുന്ന ഇ.പി. ജയരാജൻ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ജില്ല സെക്രട്ടറി എം.എം. വർഗീസുമായി ചോദിച്ചറിഞ്ഞിരുന്നു. 

Tags:    
News Summary - Karuvannur bank case: CPM Thrissur district secretary is again in front of ED today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.