തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയും ബാങ്ക് മുൻ സെക്രട്ടറിയുമായ ടി.കെ. സുനിൽകുമാർ, അക്കൗണ്ടൻറ് ജിൽസ് എന്നിവരെ ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിനെത്തിച്ചു. ബംഗ്ലാവ് ബാങ്ക് ആസ്ഥാനത്തും മാപ്രാണം ശാഖയിലും സൂപ്പർ മാർക്കറ്റിലുമായിരുന്നു വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയോടെ ഇരുവരെയും എത്തിച്ചത്. മാപ്രാണം ശാഖയിലെ ജിൽസിെൻറ ലോക്കറും അന്വേഷണ സംഘം പരിശോധിച്ചു. രണ്ടാം പ്രതി ബിജു കരീമിനെ തെളിവെടുപ്പിന് എത്തിച്ചില്ല.
സുനിൽകുമാറിനെയും ജിൽസിനെയും കൂട്ടി അപ്രതീക്ഷിതമായാണ് ക്രൈംബ്രാഞ്ച് സംഘം ബാങ്കിൽ തെളിവെടുപ്പിന് എത്തിയത്. ഒരു മാസം മുമ്പ് വരെ 'സാറെ' എന്ന് വിളിച്ച സുനിൽ കുമാറിനെയും ജിൽസിനെയും കണ്ട് ജീവനക്കാർ അമ്പരന്നു. സുനിൽ കുമാറിെൻറ കാബിനിലുൾപ്പെടെ അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. തെളിവെടുപ്പ് വിവരങ്ങൾ അറിയാതിരുന്നതിനാൽ പ്രതിഷേധക്കാർ ആരുമുണ്ടാവാതിരുന്നത് അന്വേഷണ സംഘത്തിന് സഹായകരമായി. മൂന്ന് പേരെയും ഒന്നിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചറിയാനാണ് അന്വേഷണ സംഘത്തിെൻറ തീരുമാനം. അടുത്ത ദിവസം ബിജു കരീമുമായും തെളിവെടുപ്പ് നടത്തും.
വായ്പ ക്രമക്കേടിനത്തിൽ 100 കോടിയോളവും സൂപ്പർമാർക്കറ്റിലും ചിട്ടി നടത്തിപ്പിലും ഉൾപ്പെടെ കോടികളുടെയും ക്രമക്കേട് നടന്നതായാണ് കണ്ടെത്തൽ. വ്യാജ രേഖകളുണ്ടാക്കിയും വ്യാജ ഒപ്പിട്ടും ഇടപാടുകാരറിയാതെയും കോടികളാണ് ബാങ്കിെൻറ മറവിൽ തട്ടിയെടുത്തത്. ഇതിന് പിന്നിൽ ഭരണസമിതിയംഗങ്ങളുണ്ടെന്നും ഭരണസമിതി പറഞ്ഞത് അനുസരിക്കുക മാത്രമാണ് തങ്ങൾ ചെയ്തതെന്നുമാണ് സുനിൽ കുമാർ അടക്കമുള്ളവർ മൊഴി നൽകിയത്. എന്നാൽ, ഭരണസമിതിയംഗങ്ങളുടെ വ്യാജ ഒപ്പിട്ടും രേഖകളുണ്ടാക്കിയുമാണ് സുനിൽ കുമാറിെൻറ നേതൃത്വത്തിൽ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചത്.
ബാങ്കിൽ കള്ളപ്പണ ഇടപാട് നടന്നുവെന്ന ആക്ഷേപത്തിൽ ഇ.ഡിയും പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള ശ്രമത്തിലാണ്. അതേസമയം, ഭരണസമിതിയംഗങ്ങളെ പ്രതികളാക്കാത്തതിനെതിരിൽ പ്രതിഷേധം ശക്തമാണ്. തട്ടിപ്പിനെ കുറിച്ച് പറഞ്ഞവർക്കെതിരെ നടപടിയെടുത്തതിൽ സി.പി.എമ്മിൽ രാജിയും നിസ്സഹകരണ പ്രതിഷേധവും തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.