കൊച്ചി: തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ ബിനാമി വായ്പ തട്ടിപ്പുകേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) ചോദ്യം ചെയ്യൽ തുടരുന്നു. നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ച പ്രാദേശിക സി.പി.എം നേതാക്കൾ കൂടിയായ തൃശൂർ കോർപറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി നഗരസഭ കൗൺസിലർ പി.ആർ. അരവിന്ദാക്ഷൻ എന്നിവരെ ചൊവ്വാഴ്ചയും ചോദ്യം ചെയ്തു. മുൻ എം.പി പി.കെ. ബിജുവിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. വായ്പയുമായി ബന്ധപ്പെട്ട് മുൻ എം.പിക്ക് പണം കൈമാറിയെന്ന് മൊഴി ലഭിച്ച സാഹചര്യത്തിലാണിത്.
കേസിൽ ഇ.ഡി മുമ്പാകെ തിങ്കളാഴ്ച ഹാജരായ സി.പി.എം നേതാവും മുൻമന്ത്രിയുമായ എ.സി. മൊയ്തീൻ എം.എൽ.എയെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും. മൊയ്തീൻ ഹാജരാക്കിയ രേഖകൾ അപൂർണമാണെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. മിക്കവാറും ഈമാസം 19നാകും അടുത്ത ചോദ്യംചെയ്യലെന്നാണ് സൂചന. സംസ്ഥാന മന്ത്രി, എം.എൽ.എ തുടങ്ങിയ നിലകളിൽ ലഭിച്ച വേതനത്തിന്‍റെ രേഖകളും സർക്കാർ ജീവനക്കാരിയായ ഭാര്യയുടെ വേതനം സംബന്ധിച്ച വിവരങ്ങളും മൊയ്തീൻ ഇ.ഡിക്ക് കൈമാറിയിട്ടുണ്ട്. 10 വർഷത്തെ ആദായ നികുതി വിവരങ്ങളും ഇ.ഡി ആവശ്യപ്പെട്ടിരുന്നു. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലെ ഒന്നാം പ്രതി പി. സതീഷ്കുമാറുമായി മൊയ്തീനുള്ള ബന്ധം സംബന്ധിച്ചും ചോദ്യം ചെയ്തു. ബാങ്കിലെ അംഗങ്ങൾ അറിയാതെ അവരുടെ പേരിൽ ബിനാമി വായ്പകൾ അനുവദിക്കാൻ എ.സി. മൊയ്തീൻ ശിപാർശ ചെയ്തെന്ന മൊഴികളുണ്ട്. ഇതിലൂടെ മൊയ്തീൻ സാമ്പത്തിക നേട്ടമുണ്ടാക്കിയോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
കേസിലെ ഒന്നാം പ്രതി പി. സതീഷ് കുമാറിന്‍റെ ഇടനിലക്കാരൻ കെ.എ. ജിജോർ, ചാർട്ടേഡ് അക്കൗണ്ടന്‍റ് സനൽകുമാർ, തദ്ദേശ ജനപ്രതിനിധികളായ അനൂപ് ഡേവിസ് കാട, പി.ആർ. അരവിന്ദാക്ഷൻ, കൂട്ടാളി രാജേഷ് എന്നിവരെ മൊയ്തീനൊപ്പം തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. 2016-18 കാലത്ത് ബാങ്കിൽനിന്ന് കോടികളുടെ അനധികൃത വായ്പ നൽകി തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.