തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് ക്രമക്കേടിൽ നേതൃത്വത്തെ വെട്ടിലാക്കി എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. കരുവന്നൂരിൽ വീഴ്ച സംഭവിച്ചെന്നും നേരത്തേ പരിഹരിക്കേണ്ടതായിരുന്നു എന്നുമാണ് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ. രാഷ്ട്രീയ പ്രേരിതമെന്ന് പറഞ്ഞവരോട് അതിന് തെളിവ് ചോദിക്കണം. തന്റെ പക്കൽ എന്തായാലും തെളിവില്ലെന്ന് ചാനൽ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘ചോറ്റുപാത്രത്തിലെ കറുത്ത വറ്റെന്ന’ മുഖ്യമന്ത്രിയുടെ നിസ്സാരവത്കരണവും ഇ.ഡി നീക്കങ്ങൾ രാഷ്ട്രീയ പ്രേരിത വേട്ടയാടലെന്ന പാർട്ടി സെക്രട്ടറിയുടെ പ്രതിരോധവുമായി സി.പി.എം ചെറുത്തുനിൽക്കുന്നതിനിടെയാണ് വീഴ്ച ഏറ്റെടുത്തുള്ള ഇ.പിയുടെ പ്രതികരണം. മുൻമന്ത്രിയെയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗത്തെയുമടക്കം മുതിർന്ന നേതാക്കളെ ഇ.ഡി ചോദ്യം ചെയ്ത സാഹചര്യത്തിൽ പാർട്ടി സംവിധാനങ്ങളൊന്നടങ്കം പ്രതിരോധവുമായി നിൽക്കുമ്പോഴാണ് മുന്നണി കൺവീനറുടെ വേറിട്ട നിലപാട്. എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റതിന് പിന്നാലെ അതൃപ്തിയും നിസ്സഹകരണവും തുടരുന്ന ഇ.പി, കരുവന്നൂർ വിഷയത്തിലും വിയോജിപ്പ് പരസ്യമാക്കിയതിലൂടെ പാർട്ടിക്കുള്ളിൽ മറ്റൊരു പോർമുഖം കൂടി തുറക്കുകയാണ്.
‘‘കരുവന്നൂരിലെ പ്രശ്നങ്ങൾ ശക്തമായി നടപടി സ്വീകരിച്ച് നേരത്തേതന്നെ അവസാനിപ്പിക്കേണ്ടതായിരുന്നു. പക്ഷേ, കഴിയാത്തത് സഹകരണ മേഖലക്കാകെ കളങ്കമുണ്ടാക്കി. പരിഹരിക്കാൻ കഴിഞ്ഞില്ലെന്നത് വീഴ്ചയാണ്. ഈ അവസ്ഥ സൃഷ്ടിച്ചവർക്ക്, അതു ഭരണസമിതിയായാലും ജീവനക്കാരായാലും പിന്തുണ നൽകിയ രാഷ്ട്രീയക്കാരായാലും അവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി വേണം -ഇ.പി പറഞ്ഞു. കരുവന്നൂര് സഹകരണ ബാങ്ക് തട്ടിപ്പ് ഇ.ഡി അന്വേഷണം ലോക്സഭ തെരഞ്ഞെടുപ്പു മുന്നില് കണ്ടുള്ള രാഷ്ട്രീയ ആയുധമാണെന്ന പിണറായി വിജയന്റെ നിലപാടിനെകൂടിയാണ് ഇ.പി തള്ളിയത്.
നേരത്തേയും നിരവധി ഘട്ടങ്ങളിൽ നിർബന്ധമായും പങ്കെടുക്കേണ്ട ചടങ്ങുകളിൽനിന്ന് വിട്ടുനിന്നതടക്കം ഇ.പി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും അതെല്ലാം വ്യക്തിപരമായ വിഷയങ്ങളെന്ന വ്യാഖ്യാനമാണ് പാർട്ടി തലത്തിലുണ്ടായത്. എന്നാൽ, കരുവന്നൂരിലേത് നേരത്തേ പരിഹരിക്കാമായിരുന്ന പ്രശ്നമാണെന്ന അഭിപ്രായം പാർട്ടിയിലെതന്നെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇ.പിയുടെ നിലപാട് പ്രസക്തമാകുന്നത്.
ഗവർണർക്കെതിരെ നടന്ന രാജ്ഭവൻ മാർച്ചിലും എം.വി. ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിലും ഏക സിവിൽകോഡ് സെമിനാറിൽനിന്ന് ഇടതുമുന്നണി കൺവീനറായ ഇ.പി വിട്ടു നിന്നത് വാർത്തയായിരുന്നു. മുഖ്യമന്ത്രി ഇ.പിയെ തിരുവനന്തപുരത്ത് വിളിപ്പിച്ചും സംസാരിച്ചുമായിരുന്നു അന്ന് അനുനയത്തിലാക്കിയത്.
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് കൺവീനർ ഇ.പി.ജയരാജൻ ഡി.ജി.പിക്ക് പരാതി നൽകി. കരുവന്നൂർ തട്ടിപ്പ് കേസിലെ പ്രതി സതീഷ് കുമാറിന്റെ ഡ്രൈവർ ബിജുവിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ഇ.പി പരാതിയിൽ പറയുന്നു.
ആരോപണം അടിസ്ഥാന രഹിതമാണെന്നും വ്യക്തിഹത്യ നടത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. തനിക്ക് അറിയാത്ത ആളാണ് ബിജുവെന്നും കരുവന്നൂർ കേസ് വഴിതിരിച്ച് വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇ.പി ജയരാജൻ വ്യക്തമാക്കി.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് ഉന്നത സി.പി.എം നേതാക്കളുമായി ബന്ധമുണ്ടെന്ന് വെളിപ്പെടുത്തലുമായി സതീഷ്കുമാറിന്റെ ഡ്രൈവർ ബിജു കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനുമായി സതീഷ് കുമാറിന് അടുത്തബന്ധമാണുള്ളതെന്നും സ്വകാര്യ ചാനലിനോട് ബിജു തുറന്നടിച്ചു.
'സതീഷ് കുമാറിനെ ഇ.പി. ജയരാജൻ പലതവണ സഹായിച്ചിട്ടുണ്ട്. ഇരുവരും നിരവധി തവണ കൂടിക്കാഴ്ച നടത്തി. ബിസിനസുമായി ബന്ധപ്പെട്ട ഫണ്ടുകൾ പാസാക്കാൻ കേരള ബാങ്ക് വൈസ് ചെയര്മാന് എം.കെ.കണ്ണനെ സതീഷ്കുമാർ ഫോണിൽ വിളിച്ച് ആവശ്യപ്പെടാറുണ്ട്. നടന്നത് വലിയ ഇടപാടുകളാണ്'- ബിജു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.