തൃശൂർ: നൂറ് കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ കരുവന്നൂർ സഹകരണ ബാങ്കിൽ വീണ്ടും ചട്ടലംഘനം. ബാങ്കിനെതിരായ ക്രമക്കേട് ആരോപണത്തിൽ അന്വേഷണം നടക്കുന്നതിനിടെ ബാങ്കിലെ മൂന്ന് കോടിയുടെ തിരിച്ചടവ് മുടങ്ങിക്കിടന്ന വായ്പ മറ്റൊരു സഹകരണ സംഘത്തിലേക്ക് മാറ്റിനൽകി. സഹകരണ നിയമപ്രകാരം ഒരു സഹകരണ ബാങ്കിൽ നിന്നും എടുത്ത വായ്പ മറ്റൊരു സഹകരണ ബാങ്കിലേക്ക് മാറ്റാൻ കഴിയില്ലെന്നിരിക്കെയാണ് നിയമലംഘനം. സി.പി.എം ഭരിക്കുന്ന കാറളം സഹകരണ ബാങ്ക് ആണ് വായ്പ ഏറ്റെടുത്തത്. കെ.ആർ. സുശീൽ, കെ.കെ. സന്തോഷ്, പ്രലോഭ്, അരുൺ, കെ.ആർ. മുരളീധരൻ, റോഷ്, ജിത ബിനോയ്, കെ.പി. ബിനോയ് എന്നിവരുടെ പേരിലുള്ള മുതലും പലിശയുമടക്കം കരുവന്നൂർ ബാങ്കിൽ തിരിച്ചടവ് മുടങ്ങിക്കിടന്ന 3.10 കോടിയുടെ വായ്പയാണ് ഏറ്റെടുത്തത്. ഇക്കഴിഞ്ഞ മാർച്ചിലായിരുന്നു സംഭവം.
കണക്കുകൾ പ്രകാരം 150 കോടിയുടെ നിക്ഷേപ ബാക്കി നിൽപ്പും 116 കോടിയുടെ വായ്പ ബാക്കി നിൽപ്പും മറ്റ് ബാങ്കുകളിൽ കരുതൽ നിക്ഷേപമായി 52 കോടിയിലധികം നിക്ഷേപവുമുള്ളതാണ് കാറളം ബാങ്കിന്റെ വായ്പ ഏറ്റെടുക്കലിനെ ന്യായീകരിക്കാനുള്ള വിശദീകരണം. എന്നാൽ വായ്പ തട്ടിപ്പ് പരാതിയിൽ ഇരിങ്ങാലക്കുട കോടതി ഉത്തരവനുസരിച്ച് കേസെടുത്ത ബാങ്കാണ് കാറളം ബാങ്ക്. സഹകരണ നിയമമനുസരിച്ച് വായ്പ കൈമാറ്റം പാടില്ലെന്നിരിക്കെ കോടികളുടെ വായ്പ ഇടപാട് നടന്നത് ഉന്നത സി.പി.എം നേതാക്കളുടെ അറിവോടെയാണെന്നാണ് പറയുന്നത്. ബാങ്കിന് നഷ്ടമുണ്ടാക്കിയില്ലെന്നാണ് നേതാക്കൾ പറയുന്നത്. ജീവനക്കാരും പിന്നീട് പ്രതി ചേർക്കപ്പെട്ട ഭരണസമിതിയംഗങ്ങളുമടക്കം എല്ലാവരും അറസ്റ്റിലായെങ്കിലും നിക്ഷേപകർക്ക് പണം തിരികെ കിട്ടുന്നതിൽ ഇതുവരെ നടപടികളായിട്ടില്ല. കേരള ബാങ്ക് വായ്പയോ മറ്റ് ബാങ്കുകളുടെ കൺസോർഷ്യം മുഖേനയോ പണം ലഭ്യമാക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇതുവരെയും തുക ലഭിച്ചിട്ടില്ല. നിക്ഷേപകർക്ക് മൂന്ന് മാസത്തിലൊരിക്കലാണ് ഗഡുക്കളായി നിക്ഷേപ തുകയിനത്തിൽ അനുവദിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ബാങ്ക് പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.