കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിൽ പാർട്ടി നേതാക്കളെ പൂട്ടാൻ കരുനീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബാങ്കിന്റെ രണ്ട് മുൻ ഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കുന്നത് അടക്കം തന്ത്രങ്ങളാണ് ഇ.ഡി കൈക്കൊള്ളുന്നത്. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതിരഹസ്യമായാണ് നീക്കം. ഇതിനായി കോടതിയെ സമീപിച്ചു. കരുവന്നൂർ ബാങ്ക് അനുവദിച്ച ബിനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയായിരുന്നെന്നാണ് ഇ.ഡിക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനിൽ, മുൻ മാനേജർ ബിജു കരീം എന്നിവർ ഇതുസംബന്ധിച്ച് നേരത്തേ മൊഴി നൽകിയിരുന്നു.
സി.പി.എമ്മിന്റെ സമാന്തര കമ്മിറ്റിയാണ് ലോൺ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തിൽ ഭരണസമിതിക്ക് റോളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് മൊഴി. കള്ളപ്പണ ഇടപാട് ഘട്ടത്തിൽ 13 അംഗ ഭരണസമിതിയാണ് ഉണ്ടായിരുന്നത്. മുൻ മാനേജർ ബിജു കരീമിന്റെ ആവശ്യപ്രകാരം ലോൺ രേഖകളിൽ ഒപ്പിട്ട് നൽകിയിരുന്നതായും അപേക്ഷയിൽ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഭരണസമിതി അംഗങ്ങളിൽ ചിലർ മൊഴി നൽകിയിട്ടുണ്ട്. ഇവരിൽ രണ്ടു പേരെയാണ് മാപ്പുസാക്ഷിയാക്കാൻ ഇ.ഡി കോടതിയെ സമീപിച്ചിട്ടുള്ളത്.
കുറ്റപത്രം സ്വീകരിക്കൽ നടപടി പൂർത്തിയായാൽ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസിൽ അന്വേഷണം നേരിടുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.സി. മൊയ്തീൻ, കെ. കണ്ണൻ എന്നിവർക്ക് ഈ മൊഴികൾ നിർണായകമാണ്. സി.പി.എം ജില്ല സെക്രട്ടറി എം.കെ. വർഗീസിന് ഈ മാസം 24ന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുകേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി പി. സതീഷ് കുമാർ മുൻമന്ത്രി എ.സി. മൊയ്തീൻ എം.എൽ.എ, സി.പി.എം നേതാവ് എം.കെ. കണ്ണൻ എന്നിവരുൾപ്പെടെ രാഷ്ട്രീയ നേതാക്കളുടെയും ചില പൊലീസ് ഉദ്യോഗസ്ഥരുടെയും ബിനാമിയാണെന്ന് സാക്ഷിമൊഴിയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സതീഷ് കുമാറിന്റെയും മറ്റൊരു പ്രതി ജിൽസിന്റെയും ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് ഇ.ഡി ഇക്കാര്യം ബോധിപ്പിച്ചത്.
കേസിലെ മുഖ്യസാക്ഷി കെ.എ. ജിജോറിന്റെ മൊഴി ചൂണ്ടിക്കാട്ടിയാണ് ഇ.ഡി വാദം ഉന്നയിച്ചത്. സാക്ഷിമൊഴിയുടെ പ്രസക്തഭാഗങ്ങൾ വായിക്കുകയും ചെയ്തു. തൃശൂരിലെ കോൺഗ്രസ് ജില്ല കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വ്യാപാരി സംഘടന നേതാവ് ബിന്നി ഇമ്മട്ടി തുടങ്ങിയവരുടെയും ബിനാമിപ്പണം സതീഷ് കുമാറിന്റെ പക്കലുണ്ടെന്ന് ജിജോറിന്റെ മൊഴിയിലുണ്ട്.
സതീഷ് കുമാറിന്റെ സാമ്പത്തിക ഇടപാടുകൾക്ക് ഒരു മുൻ ഡി.ഐ.ജി ഇടനിലക്കാരനായും തർക്കങ്ങളിൽ മധ്യസ്ഥനായും നിന്ന് കമീഷൻ വാങ്ങിയെന്നും ജിജോറിന്റെ മൊഴിയിൽ പറയുന്നു. ഇതിനെ സാധൂകരിച്ച് രണ്ടു പ്രതികൾ നൽകിയ മൊഴികൾ ഇ.ഡി മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചു. ഈ പ്രതികളെ മാപ്പുസാക്ഷിയാക്കാനുള്ള നിയമോപദേശം ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. സാക്ഷിമൊഴികൾക്കപ്പുറം എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ തുടങ്ങിയവർക്കെതിരെ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്നാണ് പ്രതിഭാഗം വാദം. ഹരജി കൂടുതൽ വാദം കേൾക്കലിനായി നവംബർ 27ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.