കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ട് പ്രതികൾ ചേർന്ന് 62.57 കോടിയുടെ ബിനാമി ഇടപാട് നടത്തിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബാങ്കിലെ മുൻ ജീവനക്കാരൻ പി.പി. കിരൺ 48.57 കോടിയുടെയും ബിനാമിയായ പി. സതീഷ് കുമാർ 14 കോടിയുടെയും ഇടപാടുകൾ നടത്തിയതായാണ് കണ്ടെത്തൽ. കോടതിയിൽ ഹാജരാക്കിയ രണ്ടുപേരെയും കസ്റ്റഡിയിൽ വാങ്ങി അന്വേഷണം തുടരുകയാണ്.
ബിനാമി പേരുകളിൽ അനധികൃതമായി അനുവദിച്ച വായ്പകളുടെ ഗുണഭോക്താവ് കിരൺ ആണെന്ന് പരിശോധനകളിലും അന്വേഷണത്തിലും വ്യക്തമായതായി ഇ.ഡി പറയുന്നു. ബിനാമി വസ്തുക്കളുടെ പേരിൽ കിരൺ നടത്തിയ ഇടപാടുകൾ മുതലും പലിശയുമടക്കം 48.57 കോടിയുടേതാണ്. ഈ തുക ബാങ്കിൽ തിരിച്ചടച്ചിട്ടില്ല. അനധികൃത വായ്പ വഴി 14 കോടിയുടെ തട്ടിപ്പ് സതീഷ് നടത്തി.
കേസിൽ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം പുരോഗമിക്കുന്നത്. 2014 മുതൽ 2020 വരെ കാലയളവിൽ സ്വകാര്യ വ്യക്തികളുടെ സഹായത്തോടെ ബാങ്ക് ഉദ്യോഗസ്ഥരും ജീവനക്കാരും ചേർന്ന് 150 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് എഫ്.ഐ.ആറിലുള്ളത്. ബാങ്കിന്റെ വായ്പാപരിധി കടന്ന് ഒരാളുടെ പേരിൽതന്നെ ഒന്നിലധികം വായ്പ അനുവദിച്ചു, ഒരു വസ്തുവിന്മേൽ ഒന്നിലധികം വായ്പ നൽകി, വ്യാജ രേഖകളുടെയും മേൽവിലാസത്തിന്റെയും അടിസ്ഥാനത്തിൽ അനർഹർക്ക് ബാങ്കിൽ അംഗത്വം നൽകി, ബാങ്കിന്റെ സോഫ്റ്റ്വെയറിൽ കൃത്രിമം നടത്തി, അംഗങ്ങളല്ലാത്തവർക്ക് ബിനാമി വസ്തുക്കളുടെ ഈടിൽ വായ്പ അനുവദിച്ചു തുടങ്ങിയ ഗുരുതര ക്രമക്കേടുകൾ നടന്നതായും എഫ്.ഐ.ആറിലുണ്ട്. ബാങ്കിൽനിന്ന് തട്ടിയ പണം ഉപയോഗിച്ച് തേക്കടിയിൽ നിർമിച്ച റിസോർട്ട് ഇ.ഡി കണ്ടുകെട്ടിയിരുന്നു. കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള കേസുകൾ പരിഗണിക്കുന്ന കലൂരിലെ പ്രത്യേക കോടതി കിരണിനെയും സതീഷിനെയും വെള്ളിയാഴ്ച വൈകീട്ടുവരെയാണ് കസ്റ്റഡിയിൽ വിട്ടത്.
രണ്ടു പ്രതികൾക്കും ഉന്നതതല ബന്ധമുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഇ.ഡി പറയുന്നു. സതീഷ് ഉന്നതരുടെ ബിനാമിയാണെന്ന ആരോപണം നിലനിൽക്കെ കൈപ്പറ്റിയ കോടികൾ ആർക്കെല്ലാം കൈമാറിയെന്നാണ് അന്വേഷിക്കുന്നത്. കണ്ണൂരിൽ വേരുകളുള്ള വെളപ്പായ സതീശൻ എന്ന സതീഷ് കുമാർ വർഷങ്ങൾക്കുമുമ്പ് ചെരിപ്പ് നിർമാണ കമ്പനിയിൽ ജോലിക്കാരനായി മുളങ്കുന്നത്തുകാവിൽ എത്തിയശേഷം ഉണ്ടായത് അവിശ്വസനീയ വളർച്ചയാണത്രെ. പലരുടെയും ബിനാമിയായി കോടികൾ സമ്പാദിക്കുകയും കൊള്ളപ്പലിശ ഇടപാടുകളിലൂടെ സമ്പത്ത് വർധിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.