കരുവന്നൂർ: കൺസോർട്യത്തിൽനിന്ന് എട്ടുകോടി അനുവദിക്കും

തിരുവനന്തപുരം: കരുവന്നൂർ സർവിസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പാക്കാനും പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോർട്യത്തിൽനിന്ന് എട്ടു കോടി രൂപ കൂടി അനുവദിക്കാനും തീരുമാനിച്ചു.

ബാങ്കിന്റെ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തി മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 10 ലക്ഷത്തിന് മുകളിലുള്ള വായ്പകൾക്ക് ഇളവിന് ഹൈലെവൽ കമ്മിറ്റി നൽകാൻ നിർദേശം നൽകി. കൺസോർട്യത്തിൽനിന്ന് അനുവദിക്കുന്ന തുകക്ക് പുറമെ, ബാങ്കിന്റെ സ്‌പെഷൽ പാക്കേജിന്റെ ഭാഗമായി ഡെപ്പോസിറ്റ് ഗാരന്റി ബോർഡിൽനിന്ന് കൂടുതൽ തുക അനുവദിക്കും. ബാങ്കിലെ റിക്കവറി നടപടികൾ വേഗത്തിലാക്കാൻ രണ്ട് സെയിൽസ് ഓഫിസർമാരെ കൂടി അനുവദിക്കും.

കേരള ബാങ്കിന്റെ റിക്കവറി ടാസ്‌ക് ഫോഴ്‌സിന്റെ സേവനവും ലഭ്യമാക്കും. നിലവിൽ 124 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയിട്ടുണ്ട്. ഒരുവർഷത്തിനിടെ 10.28 കോടി രൂപയുടെ പുതിയ വായ്പയും ബാങ്ക് അനുവദിച്ചതായി യോഗത്തിൽ അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി അറിയിച്ചു. കൃത്യമായ ഇടവേളകളിൽ വകുപ്പുതല വിലയിരുത്തലും അഡ്മിസ്ട്രേറ്റിവ് കമ്മിറ്റി യോഗങ്ങളും നടത്തി ബാങ്ക് പ്രവർത്തനം സാധാരണനിലയിൽ എത്തിക്കണമെന്ന് മന്ത്രി യോഗത്തിൽ നിർദേശം നൽകി.

Tags:    
News Summary - Karuvannur: Eight crore will be allocated from the consortium

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.