കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് ബിനാമി വായ്പാ തട്ടിപ്പ് കേസിൽ സി.പി.എം സംസ്ഥാന സമിതി അംഗവും തൃശൂർ ജില്ല സെക്രട്ടറിയുമായ എം.എം. വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നാലാം തവണയും ചോദ്യം ചെയ്തു. ഇതുമായി ബന്ധപ്പെട്ട് അറിയാവുന്ന വിവരങ്ങൾപോലും വർഗീസ് വെളിപ്പെടുത്താത്ത സാഹചര്യത്തിലാണ് തുടർച്ചയായി ചോദ്യം ചെയ്യേണ്ടിവരുന്നതെന്നാണ് ഇ.ഡി പറയുന്നത്.
കേസിലെ സാക്ഷിയെന്ന നിലയിലാണ് വർഗീസിനെ ഇതുവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തത്. അന്വേഷണത്തോട് സഹകരിക്കാത്ത സമീപനം തുടർന്നാൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടിന്റെ പേരിൽ ഇദ്ദേഹത്തെ പ്രതിചേർക്കാൻ അന്വേഷണസംഘം നിയമോപദേശം തേടിയിരുന്നു. ഇത് നേരിട്ട് അറിയിച്ചശേഷമാണ് വ്യാഴാഴ്ച ചോദ്യം ചെയ്യൽ ആരംഭിച്ചത്.
പാർട്ടി ഫണ്ടിലേക്ക് വൻതുക കമീഷൻ വാങ്ങിയാണ് ഭരണസമിതിയിൽ അപ്രമാദിത്വമുള്ള സി.പി.എം, ബാങ്കിൽനിന്ന് ബിനാമി വായ്പ അനുവദിച്ചിരുന്നതെന്ന സാക്ഷികളുടെയും പ്രതികളുടെയും മൊഴികളും തെളിവുകളും ലഭിച്ചിട്ടും വർഗീസ് വെളിപ്പെടുത്തിയില്ല. ജില്ല സെക്രട്ടറിയെന്ന നിലയിൽ വർഗീസ് അറിയാതെ പ്രാദേശികഘടകം ഇത്തരത്തിൽ പാർട്ടി ഫണ്ട് വാങ്ങില്ലെന്നാണ് ഇ.ഡി നിഗമനം. ബിനാമി വായ്പാ ഇടപാടുകളുമായി ബന്ധപ്പെട്ട് സി.പി.എം അക്കൗണ്ടുകൾ ഉള്ളത് സംബന്ധിച്ച ചോദ്യത്തിന് അറിവില്ലെന്ന മറുപടിയാണ് നൽകിയത്. തൃശൂർ നഗരത്തിൽ സമീപകാലത്ത് വർഗീസിന്റെ അടുത്ത ബന്ധു 12 സെന്റ് സ്ഥലം വാങ്ങിയതിന്റെ സാമ്പത്തിക ഉറവിടം സംബന്ധിച്ച ചോദ്യത്തിനും വ്യക്തമായ മറുപടിയില്ല. അന്വേഷണസംഘത്തെ പരിഹസിക്കുന്ന തരത്തിലെ മറുപടികളും വർഗീസിൽനിന്ന് ഉണ്ടാകുന്നതായും ഇ.ഡിക്ക് ആക്ഷേപമുണ്ട്. വീണ്ടും ഹാജരാകേണ്ടിവരുമെന്ന് അറിയിച്ചാണ് വർഗീസിനെ വിട്ടയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.