കരുവന്നൂർ: തൃശൂര്‍ സി.പി.എം ജില്ലാ സെക്രട്ടറി എം.എം.വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എം തൃശൂർ ജില്ല സെക്രട്ടറി എം.എം. വർഗീസിന് വീണ്ടും ഇ.ഡി നോട്ടീസ് നൽകി. ഈ മാസം 19 ന് ഹാജരാകണെന്നാണ് നിർദേശം. ഇത് നാലാം തവണയാണ് ഇ.ഡി നോട്ടീസ് നൽകുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും നവകേരള സദസ്സിൽ പങ്കെടുക്കേണ്ടതിനാൽ ഒഴിവാക്കണമെന്ന് വർഗീസ് ആവശ്യപ്പെടുകയായിരുന്നു.

ബാങ്കിൽ ബിനാമി വായ്പ അനുവദിക്കാൻ ഭരണസമിതിക്ക് പുറത്ത് സി.പി.എം സമിതി പ്രവർത്തിച്ചിരുന്നെന്ന മൊഴിയിലാണ് പ്രധാനമായും വ്യക്തത തേടുന്നത്. ഇതുസംബന്ധിച്ച് രണ്ട് ഭരണസമിതി അംഗങ്ങളാണ് മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയത്.

ഇ.ഡി ആവശ്യപ്പെട്ട രേഖകളൊക്കെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വർഗീസ് പറയുന്നത്. എന്നാൽ, അക്കൗണ്ട് വിവരങ്ങള്‍ കൈമാറിയെന്ന് വര്‍ഗീസ് പറയുമ്പോഴും പൂര്‍ണവിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഇ.ഡിയുടെ വാദം.

ബിനാമി വായ്പ അനുവദിക്കാൻ സി.പി.എമ്മിന് രണ്ട് കമ്മിറ്റികളുണ്ടായിരുന്നെന്നും 35ാം പ്രതിയും മുൻ ജില്ല കമ്മിറ്റി അംഗവുമായ സി.കെ. ചന്ദ്രനാണ് ഇത് നിയന്ത്രിച്ചതെന്നുമാണ് ഇ.ഡി കണ്ടെത്തൽ. ബിനാമി വായ്പ നേടിയവർക്ക് ഈടായി നൽകിയ വസ്തുക്കൾ വായ്പ അടച്ച് തീരുംമുമ്പ് തിരികെ നൽകാൻ നി‍ർദേശം നൽകിയതിന് പിന്നിലും ഉന്നത ഇടപെടലുണ്ടെന്നാണ് അന്വേഷണസംഘത്തിന്‍റെ വിലയിരുത്തൽ.

Tags:    
News Summary - Karuvannur: Thrissur CPM district secretary MM Varghese again ED notice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.