കെ.എ.എസിലെ ഉയർന്ന സ്കെയിലിനെതിരെ 29 വകുപ്പുകളിലെ സെക്കൻഡ് ഗസറ്റഡ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിലാണ്. ഇതേ സ്കെയിൽ വേണമെന്നാണ് ആവശ്യം. അനുകൂല തീരുമാനം ഇല്ലെങ്കിൽ തുല്യജോലിക്ക് തുല്യവേതനമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം.
തിരുവനന്തപുരം: സിവിൽ സർവിസുകാർ കടുത്ത സമ്മർദം ഉയർത്തിയെങ്കിലും കെ.എ.എസ് അടിസ്ഥാന ശമ്പളത്തിൽ മാറ്റം വരുത്താതെ സർക്കാർ ഉത്തരവിറക്കി. ഡി.എ, എച്ച്.ആർ.എ, 10 ശതമാനം ഗ്രേഡ് പേ എന്നിവ തീരുമാനിച്ചെങ്കിലും ഗ്രേഡ് പേ ഒഴിവാക്കി വർഷം 2000 രൂപ നിരക്കിൽ ഇൻക്രിമെൻറ് ഏർപ്പെടുത്തി.
പരിശീലന കാലത്ത് 81,800 രൂപ അടിസ്ഥാന ശമ്പളം നൽകും. മറ്റ് ആനുകൂല്യമുണ്ടാകില്ല. സർവിസിൽനിന്ന് വിടുതൽ ചെയ്ത് കെ.എ.എസിൽ പ്രവേശിക്കുന്നവർക്ക് അവസാനം ലഭിച്ച ശമ്പളമോ 81,800 രൂപയോ ഏതാണോ കൂടുതൽ അത് അനുവദിക്കും. സർവിസിൽനിന്ന് വിടുതൽ ചെയ്ത് വന്നവർക്ക് അടിസ്ഥാന ശമ്പളം 81,800 നെക്കാൾ കൂടുതലാണെങ്കിൽ കൂടുതലുള്ളത് പരിശീലനം കഴിഞ്ഞ് േജാലിയിൽ പ്രവേശിക്കുമ്പോൾ അനുവദിക്കും.
പരിശീലനം പൂർത്തിയാക്കി ജോലിയിൽ പ്രവേശിച്ചശേഷം വാർഷിക ഇൻക്രിമെൻറ് 2000 രൂപയാണ്. 12ാം ശമ്പള കമീഷനെ നിയമിക്കുമ്പോൾ കെ.എ.എസ് ട്രെയിനികൾ, കെ.എ.എസിലെ മറ്റ് സ്ഥാനക്കയറ്റ തസ്തികകൾ എന്നിവക്ക് അനുവദിക്കാവുന്ന ശമ്പള സ്കെയിലുകൾ തയാറാക്കുന്നത് പരിഗണനാ വിഷയത്തിൽ ഉൾപ്പെടുത്തുമെന്നും ഉത്തരവിലുണ്ട്. അതുവരെ നിശ്ചയിച്ച ശമ്പളം തുടരും. കെ.എ.എസ് രൂപവത്കരിച്ചപ്പോൾ 68,700-1,10,400 (പുതുക്കുന്നതിനു മുമ്പ്) സ്കെയിലാണ് നിശ്ചയിച്ചത്.
എന്നാൽ, ഐ.എ.എസ് ജൂനിയർ തസ്തികയുടെ ശമ്പള സ്കെയിലിനെക്കാളും ഉയർന്നതും കെ.എ.എസ് ഐ.എസ് തസ്തികയുടെ ഫീഡർ കാറ്റഗറി എന്ന നിലയിലും അപാകത പരിഹരിക്കണമെന്ന് ശമ്പള കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തീരുമാനം.അതേസമയം, കെ.എ.എസിലെ ഉയർന്ന സ്കെയിലിനെതിരെ നിലവിലെ 29 വകുപ്പുകളിലെ സെക്കൻഡ് ഗസറ്റഡ് ഉദ്യോഗസ്ഥർ പ്രതിഷേധത്തിലാണ്. കെ.എ.എസുകാർക്ക് സമാന തസ്തികകളിൽ ജോലി ചെയ്യുന്നവരാണിവർ. തങ്ങൾക്കും ഇതേ സ്കെയിൽ വേണമെന്ന ആവശ്യമാണ് അവർക്ക്.
അനുകൂല തീരുമാനം വന്നില്ലെങ്കിൽ തുല്യജോലിക്ക് തുല്യവേതനമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനാണ് നീക്കം. കാര്യമായി മാറ്റം വരുത്താതെ കെ.എ.എസ് ഉത്തരവിറങ്ങിയ സാഹചര്യത്തിൽ തങ്ങൾക്ക് സ്പെഷൽ പേ വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് സിവിൽ സർവിസുകാർ. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ അവരുടെ ആവശ്യത്തിൽ മന്ത്രിസഭയാണ് തീരുമാനമെടുക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.