കാസർകോട്: കേന്ദ്ര വാഴ്സിറ്റിയിൽ ലൈംഗികാതിക്രമണത്തിന് വിധേയരായ പെൺകുട്ടികളേക്കാൾ പരിഗണന സർവകലാശാല കുറ്റാരോപിതന് നൽകുന്നതായി ആക്ഷേപം. സർവകലാശാലയുടെ നിലപാടിൽ പ്രതിഷേധിച്ച് പരാതിക്കാരായ പെൺകുട്ടികളുടെ രക്ഷിതാക്കൾ ജില്ല കലക്ടറെ സമീപിച്ചതിന് പിന്നാലെ പത്തംഗ ആഭ്യന്തര പരാതി പരിഹാര സമിതിയിൽ (ഐ.സി.സി) നിന്നും എക്സ് ഒഫിഷ്യ അംഗമായ അഭിഭാഷക രാജിവച്ചത് സർവകലാശാലയെ വെട്ടിലാക്കി. അഡ്വ. വാണിശ്രീയാണ് രാജിവെച്ചത്. അവരുടെ രാജിയിൽ സർവകലാശല മൗനം പാലിച്ചു.
പെൺകുട്ടികളുടെ പരാതി പരിശോധിച്ചത് വാണിശ്രീ ഉൾപ്പടെയുള്ള അംഗങ്ങളാണ്. എന്നാൽ പരാതിയിൽ കഴമ്പില്ല എന്ന നിലയിൽ വാണിശ്രീ തന്നോട് സംസാരിച്ചതായി കുറ്റാരോപിതനായ ഡോ. ഇഫ്തിഖർ അഹമ്മദ് ഒരു ഓൺലൈൻ മാധ്യമത്തിൽ പറഞ്ഞത് ഐ.സി.സിയെ വെട്ടിലാക്കി. ഇതോടെയാണ് അഡ്വ. വാണിശ്രീ സമിതിയിൽ നിന്നും രാജിവച്ചത്.
‘താൻ പറയാത്ത കാര്യങ്ങൾ പ്രസ്താവനയായി വന്നതിൽ പ്രതിഷേധിച്ചാണ് സമിതി അംഗത്വം രാജിവച്ചത്. രഹസ്യമായി കാര്യങ്ങൾ പരിശോധിക്കുന്ന സമിതിയാണ് ഐ.സി.സി.’ ഒന്നര വർഷം മുമ്പ് സമിതിയിൽ അംഗമായ അവർ പറഞ്ഞു. വാണിശ്രീയുടെ രാജിയോടെ സമിതിയുടെ വിശ്വാസ്യത നഷ്ടമായി എന്ന നിലവന്നിരിക്കുകയാണ്. സർവകലാശാല ജീവനക്കാരും അധ്യാപകരും മാധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള വിലക്ക് നിലവിലുണ്ട്. പെൺകുട്ടികളോട് ലൈംഗികാതിക്രമം കാണിച്ച അധ്യാപകന് തന്റെ ഭാഗം വിശദീകരിക്കാൻ സർവകലാശാല അനുമതി നൽകിയതോടെ സർവകലാശാലയും ആർക്കൊപ്പം എന്ന് വ്യക്തമാക്കപ്പെട്ടു.
ഇഫ്തിഖർ അഹമ്മദ് പുറത്തുവിട്ട പ്രസ്താവന ഏതാണ്ട് ഐ.സി.സിക്ക് നൽകിയ മൊഴി തന്നെയാണ്. അതിൽ പരാതിക്കാരായ പെൺകുട്ടികൾ, ചികിത്സിച്ച ഡോക്ടർ, ഐ.സി.സിയിലെ അഭിഭാഷക എന്നിങ്ങനെ എല്ലാവരും പറയുന്നത് തെറ്റാണെന്ന് പറയുന്നുണ്ട്. പ്രാഥമിക അന്വേഷണത്തിൽ തെറ്റുകാരനാണെന്ന് തോന്നിയാലാണ് അന്വേഷണ വിധേമായ സസ്‍പെന്റ് ചെയ്യുക. എന്നാൽ, ഇഫ്തിഖറിനെ സസ്‍പെന്റ് ചെയ്ത നടപടിയിൽ അതും പറയുന്നില്ല. തൽകാലം മുഖം രക്ഷിക്കാനുള്ള നടപടിയായാണ് സസ്‍പെൻഷനെ കാണുന്നത്.
സംഘ്പരിവാർ അനുകൂല സംഘടനയിൽ അംഗമാണ് ഇഫ്തിഖർ. അവരുടെ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. അതിനിടയിൽ ഇഫ്തിഖർ പ്രസ്താവന പുറത്തിറക്കിയതോടെ വിഷയം പൊതുവിൽ വഷളായി. സർവകലാശാല പീഡകരുടെ പക്ഷത്താണെന്ന് ഉറപ്പുവരുത്തി. ഇത് പരാതി ‘കേന്ദ്ര’ത്തിൽ നിന്നും ‘സംസ്ഥാന’ത്തിലേക്ക് മാറുന്നതിനുള്ള സൂചന നൽകി കൊണ്ട് രക്ഷിതാക്കൾ കലക്ടറെ സമീപിച്ചു. കലക്ടർ പൊലീസിലേക്ക് കൈമാറുന്നതോടെ സർവകലാശാല കോമ്പൗണ്ടിനു പുറത്തുള്ള നിയമ പ്രശ്നമായി ഇത് മാറിയേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.