നടാൽ: കാസർകോട്-തിരുവനന്തപുരം ആറുവരി ദേശീയപാത അടുത്തവർഷം അവസാനത്തോടെ യാഥാര്‍ഥ്യമാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നടാല്‍- കുറ്റിക്കകം നാറാണത്ത് പാലം പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാഹി ബൈപാസ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. ഉടന്‍ തുറന്നു കൊടുക്കും. തലശ്ശേരിയില്‍ നിന്ന് വടകര എത്താന്‍ ഒന്നര മണിക്കൂര്‍ വേണ്ടിടത്ത് ഇനി 15 മിനിറ്റ് മതി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി തുക ചെലവഴിച്ച ഏക സംസ്ഥാനമാണ് കേരളം.
കേരളം വികസന രംഗത്ത് വിട്ടു വീഴ്ചയില്ലാത്ത പ്രവര്‍ത്തനമാണ് നടത്തുന്നത്. ദേശീയ പാത വികസനം ദ്രുതഗതിയിലാണ്. 2013ല്‍ അന്നത്തെ സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ച ദേശീയ പാത വികസനം 2016ന് ശേഷം ഏറ്റെടുക്കാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തയ്യാറായി. ഭൂമി ഏറ്റെടുക്കാന്‍ തുക ചെലവിടേണ്ട കേന്ദ്രം വിമുഖത കാണിച്ചപ്പോള്‍ 25 ശതമാനം തുക നല്കാന് കേരളം തയാറായി.
ഈ ഇനത്തില്‍ കേരളം 5600 കോടി രൂപ ചെലവിട്ടു. മേലെ ചൊവ്വ മേൽപ്പാലം ടെൻഡര്‍ നടപടികളിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ നടാല്‍, കിഴുന്ന പ്രദേശങ്ങളെ വേര്‍തിരിക്കുന്ന നടാല്‍ പുഴക്ക് കുറുകെ ഉള്ള പാലം വീതി കുറഞ്ഞതും അപകടാവസ്ഥയിലുമാണ്. പുതിയ പാലം നിർമിക്കുന്നതിന് സംസ്ഥാന ബജറ്റില്‍ അനുവദിച്ച 3.45 കോടി രൂപ ചെലവഴിച്ചുള്ള പ്രവൃത്തിയാണ് നടക്കുക.
നവീകരണത്തിന്റെ ഭാഗമായി 33.20 മീറ്റര്‍ നീളവും ഇരുഭാഗങ്ങളിലും 1.50 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുള്‍പ്പെടെ ആകെ 11 മീറ്റര്‍ വീതിയുമുള്ള പാലമാണ് നിർമിക്കുന്നത്. ഇരുഭാഗങ്ങളിലും അനുബന്ധ റോഡുകള്‍, ആവശ്യമായ ഇടങ്ങളില്‍ പാര്‍ശ്വഭിത്തി, അഴുക്കുചാൽ എന്നിവ ഒരുക്കും. വീതി കൂടിയ പാലം യാഥാര്‍ഥ്യമാകുന്നതോടെ ജനങ്ങളുടെ യാത്രക്ലേശത്തിന് ശാശ്വത പരിഹാരമാകും. ചടങ്ങിൽ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷത വഹിച്ചു.
ഡോ.വി. ശിവദാസന്‍ എം.പി, കണ്ണൂര്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ എന്നിവര്‍ മുഖ്യാതിഥികളായി. മാസ്റ്റര്‍ അത്ലറ്റിക് മീറ്റില്‍ മെഡല്‍ ജേതാവായ ടി.പി. രാഗേഷിനെ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ആദരിച്ചു. കോർപറേഷന് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ. രാഗേഷ്, കൗണ്‍സിലര്‍മാരായ കെ.വി. സവിത, ഫിറോസ ഹാസിം, പൊതുമരാമത്ത് വകുപ്പ് പാലങ്ങള്‍ വിഭാഗം അസി. എൻജിനീയര്‍ വിപിന്‍ അണിയേരി, ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയര്‍ പി.കെ. രമ, പി. പ്രകാശന്, സി. ലക്ഷ്മണന്, രാജീവന് കീഴ്ത്തള്ളി, ഒ. ബാലകൃഷ്ണന്, ജി. രാജേന്ദ്രന്, പി. ഹരീന്ദ്രന്‍, അസ്ലാം പിലാക്കല്‍, കെ.പി. തമ്പാന്, നജീബ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.