മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ കെട്ടിടമൊരുങ്ങുന്നു

നീലേശ്വരം: മടിക്കൈ നിവാസികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. പൂത്തക്കാലിൽ പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിനാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി പൂത്തക്കാലിലുള്ള നിലവിലെ ആശുപത്രി കെട്ടിടത്തിന് പിറകിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്. 3.3 കോടി രൂപക്ക് മൂന്നുനിലകളിലായാണ് കെട്ടിടം പണിയുക. ആശുപത്രിയെ ആര്‍ദ്രം നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനാണ് ഫാര്‍മസി, ലാബ്, മൂന്ന് ഒ.പി, ഡെന്റല്‍ ഒ.പി, കോണ്‍ഫറന്‍സ് ഹാള്‍, നഴ്സിങ് റൂം, വിശ്രമ മുറി തുടങ്ങിയ സൗകര്യങ്ങളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം. ഒരു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കും. കെട്ടിടത്തിനുപിന്നില്‍ ആറ് മീറ്റര്‍ ഉയരത്തില്‍ സംരക്ഷണ ഭിത്തിയും നിര്‍മിക്കും. ഇവിടെനിന്ന് നീക്കുന്ന മണ്ണ് കാഞ്ഞിരപ്പൊയിലില്‍ വിഭാവനം ചെയ്ത തീറ്റപ്പുല്‍ കൃഷി പദ്ധതിയുടെ ഫാമിലേക്ക് കൊണ്ടുപോകും. ഇതിനുള്ള ഉത്തരവിനായി കാത്തിരിക്കുകയാണ് അധികൃതര്‍. നേരത്തെ ആരോഗ്യ കേന്ദ്രത്തിനായി ഉപയോഗിച്ച കൂളിക്കുണ്ടിലെ കെട്ടിടത്തെ ഡോക്ടര്‍മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സായി മാറ്റാനും ആലോചനയുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.