കാസർകോട്: വൻ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ അന്തര്‍സംസ്ഥാന കവര്ച്ചസംഘത്തില്പെട്ട രണ്ടുപേരെ പിടികൂടി. കര്‍ണാടക കോടി ഉള്ളാല്‍ സ്വദേശിയായ മുഹമ്മദ് ഫൈസല്‍ (36), തുമകൂരു മേലേക്കോട്ടെ സ്വദേശി സയ്യിദ് അമാന്‍ (22) എന്നിവരാണ് പിടിയിലായത്. നാലുപേര്‍ കടന്നുകളഞ്ഞു. കഴിഞ്ഞദിവസം രാത്രി കാസർകോട് ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മഞ്ചേശ്വരം മജീര്‍പള്ളയില്‍ വെച്ച് വാഹനപരിശോധനക്കിടെ നിര്‍ത്താതെപോയ നമ്പര്‍ പ്ലേറ്റില്ലാത്ത സ്വിഫ്റ്റ് കാര്‍ പിന്തുടര്ന്ന് ദൈഗോളിക്കടുത്ത് തടഞ്ഞുനിര്‍ത്തിയ സമയം കാറിലുണ്ടായിരുന്നവര്‍ നാട്ടുകാരെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. അതില്‍ രണ്ടുപേരെ വീണ് പരിക്കേറ്റനിലയില്‍ നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു.
കവര്‍ച്ചസംഘം സഞ്ചരിച്ച കാറില്‍നിന്ന് ഗ്യാസ് കട്ടര്‍, ഓക്സിജന്‍ സിലിണ്ടര്‍, ഗ്യാസ് സിലിണ്ടര്‍, ഡ്രില്ലിങ് മെഷീന്, മാരകായുധങ്ങൾ എന്നിവക്ക് പുറമെ കൈയുറകള്‍, മങ്കി ക്യാപ്പുകള്‍, ബാഗുകള്‍ എന്നിവ കണ്ടെടുത്തു.
ഇതിൽ മുഹമ്മദ് ഫൈസൽ കര്‍ണാടകയിലെ ഉള്ളാള്‍, ഉഡുപ്പി, മംഗളൂരു സൗത്ത്, ഉഡുപ്പി ടൗണ്‍, കൊണാജെ, മുല്‍കി എന്നീ പൊലീസ് സ്റ്റേഷനുകളിലും കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര്‍ ചെയ്ത കളവുകേസുകളിലും കര്‍ണാടകയിലെ ബേരികെ സ്റ്റേഷനിലെ ഒരു കൊലപാതക കേസിലും ഉള്‍പ്പെടെ 16 കേസുകളില്‍ പ്രതിയാണ്. സയ്യിദ് അമാന്‍ കര്‍ണാടകയിലെ തുമകൂരു പോക്സോ കേസിലും പ്രതിയാണ്. കടന്നുകളഞ്ഞ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ അനൂപ്കുമാര്‍, എസ്.ഐ രതീഷ്, എ.എസ്.ഐ സദന്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സച്ചിന്‍ദേവ്, നിഷാന്ത്, ഡ്രൈവര്‍ ഷുക്കൂര്‍, പ്രശോഭ് എന്നിവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു. കവർച്ചസംഘത്തിൽപ്പെട്ടവർ പിടിയിലായതോടെ ജില്ലയിൽ നടന്ന പല കവർച്ചയുടെയും തെളിവുകൾ കിട്ടുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
കഴിഞ്ഞ കുറച്ചു മാസങ്ങളായി ജില്ലയിൽ വ്യാപക കവർച്ചയായിരുന്നു. അന്തര്‍സംസ്ഥാന കവര്‍ച്ചസംഘം കേരളത്തില്‍ വന്‍ കവര്‍ച്ച ആസൂത്രണം ചെയ്തിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് ജില്ല പൊലീസ് മേധാവി ഡി. ശില്പയുടെ നിർദേശപ്രകാരം രാത്രികാല പട്രോളിങ് ശക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.