കാസർകോട്: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ 20 ശതമാനത്തേളാം ഒഴിവുകൾ. ഗ്രാമപഞ്ചായത്തുകളിലാണ് ഏറെയും ഒഴിവുകൾ. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എയുടെ നിയമസഭയിലെ ചോദ്യത്തിനുള്ള മറുപടിയിലാണ് ഒഴിവുകളുടെ കണക്ക് ലഭ്യമായത്. ജില്ലയിൽ 38 പഞ്ചായത്തുകളും ആറ് ബ്ലോക്കുകളും മൂന്ന് നഗരസഭകളുമാണുള്ളത്.
38 ഗ്രാമ പഞ്ചായത്തുകളിൽ ആകെ 569 തസ്തികകളാണുള്ളത്. ഇതിൽ 81 തസ്തികകളിലും ആളില്ല. സ്ഥാനക്കയറ്റം നൽകാത്തതുകൊണ്ടാണ് ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് നിയമനങ്ങൾ നടക്കാത്തതെന്ന് സർക്കാർ പറയുന്നു. കന്നട വിഭാഗത്തിനായി നീക്കിവെച്ചത് 20 ഒഴിവുകളാണ്. ഇതിൽ അഞ്ച് തസ്തികകളിൽ മാത്രമേ ഉദ്യോഗസ്ഥരുള്ളൂ.
15 തസ്തികകളിലും നിയമനങ്ങൾ നടന്നിട്ടില്ല. 40ഓളം തസ്തികകൾ രണ്ട് വർഷമായി ഒഴിഞ്ഞുകിടക്കുകയാണ്. ഏറ്റവും കൂടുതൽ തസ്തികകൾ ക്ലർക്കിന്റേതാണ്. ഫയലുകൾ വേഗത്തിൽ നീങ്ങണമെങ്കിൽ എൽ.ഡി.ക്ലർക്കുമാരുടെ സാന്നിധ്യം വേണം. ഇത് ഇല്ലാത്തത് സാധാരണക്കാരെയാണ് ബാധിക്കുക. പാവപ്പെട്ട ജനങ്ങൾ ഏറെയും ആശ്രയിക്കുന്നത് ഗ്രാമ പഞ്ചായത്തുകളെയാണ്. സാമൂഹിക ക്ഷേമ പെൻഷനുകൾ ഉൾപ്പടെ വിതരണ ഉത്തരവാദിത്തം തദ്ദേശ സ്ഥാപനങ്ങൾക്കുണ്ട്.
കാഞ്ഞങ്ങാട്, നീലേശ്വരം എന്നീ നഗരസഭകളിൽ വലിയ തോതിൽ ഒഴിവുകൾ ഇല്ല. എന്നാൽ , കാസർകോട് നഗരസഭയിൽ മൂന്ന് എൻജിനീയർ തസ്തികകളിൽ രണ്ട് തസ്തികകളിലും ആളില്ല. ഓവർസിയറും ഇല്ല.
നഗരസഭകളിൽ ആരോഗ്യ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ ഒഴിവുകളാണ് കൂടുതൽ ഉള്ളത്. കാസർകോട് നഗരസഭയിൽ ഓവർസിയർ, ഒന്നും രണ്ടും ഗ്രേഡുകളിലായുള്ള നാല് തസ്തികകളിൽ മൂന്നും ഒഴിഞ്ഞുകിടക്കുകയാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടക്കേണ്ട സമയമാണിത്. ബ്ലോക്ക് പഞ്ചായത്തുകളിൽ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട് എങ്കിലും വലിയ പ്രതിസന്ധിയില്ല.
ഒഴിവുകൾ സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചിട്ടുണ്ടെന്നും നികത്താനുള്ള നടപടികൾ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി എം.ബി രാജേഷ് എൻ.എ.നെല്ലിക്കുന്ന് എം.എൽ.എക്ക് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.