കാസർകോട്: അജൈവ മാലിന്യ നിര്‍മാര്‍ജന രംഗത്ത് സംസ്ഥാനത്ത് മികച്ച പ്രവര്‍ത്തനം നടത്തി ജില്ലയും. 2021-22 സാമ്പത്തിക വര്‍ഷം മുതല്‍ ഇതുവരെയായി ക്ലീന്‍കേരള കമ്പനി ജില്ലയില്‍ നിന്ന് ശേഖരിച്ചത് 2218.215 ടണ്‍ അജൈവ മാലിന്യം. ഹരിതകര്‍മസേനക്ക് ക്ലീന്‍ കേരള കമ്പനി നല്‍കിയത് 27.94ലക്ഷം രൂപ.
കഴിഞ്ഞ സാമ്പത്തികവര്‍ഷം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ നിന്ന് ക്ലീന്‍കേരള കമ്പനി നീക്കം ചെയ്തത് 1618.215 ടണ്‍ അജൈവ മാലിന്യമാണ്. പുനരുപയോഗത്തിന് പറ്റാത്ത പാഴ് വസ്തുക്കള്‍ 1370.70 ടണ്‍, തരംതിരിച്ച പാഴ്വസ്തുക്കള് 198.6 ടണ്‍, ഗ്ലാസ് - 38.406 ടണ്‍, കട്ടി കൂടിയ പ്ലാസ്റ്റിക് -11.125 ടണ്‍ എന്നിങ്ങനെയാണ് കണക്ക്.
തദ്ദേശസ്ഥാപനങ്ങളുടെ എം.സി.എഫ് സെന്ററുകളില്‍ നിശ്ചിത ഇടവേളകളില്‍ ശേഖരിക്കുന്ന അജൈവ പാഴ്വസ്തുക്കള് ഹരിത കര്‍മസേന തരംതിരിച്ച് നല്‍കും. തുടര്‍ന്ന് കമ്പനി ഓരോ ഇനത്തിനും അതിനനുസരിച്ചുള്ള മാര്‍ക്കറ്റ് വില നല്‍കും. തദ്ദേശ സ്ഥാപനങ്ങളിലെ വീടുകളില്‍ വാതില്‍പ്പടി സേവനത്തിലൂടെ ഹരിത കര്‍മസേന ശേഖരിക്കുന്ന പാഴ് വസ്തുക്കളാണ് ക്ലീന്‍കേരള കമ്പനിക്ക് കൈമാറുന്നത്.
ജില്ലയില്‍ ശേഖരിക്കുന്ന പാഴ് വസ്തുക്കള്‍ പുനഃചംക്രമണം ചെയ്യാനും ബദല്‍ ഉൽപന്നങ്ങള് നിര്‍മിക്കാനും റീബില്‍ഡ് കേരള ഇനീഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി ഉടന്‍ തന്നെ വ്യവസായിക ഏരിയയില്‍ റിസോഴ്സ് റിക്കവറി ഫെസിലിറ്റി നിലവില്‍ വരും.
ഹരിത മിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ് പ്രവര്‍ത്തനം കൂടി സജീവമാക്കി അജൈവ മാലിന്യ നിര്‍മാര്‍ജനം കാര്യക്ഷമമാക്കുന്നതിനുള്ള ലക്ഷ്യത്തിലാണ് ക്ലീന്‍കേരള കമ്പനിയെന്ന് ജില്ലാ മാനേജര്‍ മിഥുന് ഗോപി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.