രാജപുരം: പ്രസവ വാര്‍ഡിനായി നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. വെള്ളരിക്കുണ്ട് താലൂക്കിലെ പൂടംകല്ല് താലൂക്ക് ആശുപത്രി സന്ദര്‍ശിക്കുകയായിരുന്നു അവർ. ഇ. ചന്ദ്രശേഖരന് എം.എല്‍.എയും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
പട്ടികവർഗ വിഭാഗം കൂടുതലായി ആശ്രയിക്കുന്ന പൂടംകല്ലിലെ താലൂക്ക് ആശുപത്രിയില്‍ അടിയന്തരമായി ആധുനിക പ്രസവ വാര്‍ഡ് വേണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടു. ഗൈനക്കോളജിസ്റ്റ് തസ്തിക ഉടന്‍ സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു. ആവശ്യം ന്യായമാണെന്നും തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി സന്ദര്‍ശിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ അവർ ചോദിച്ചറിഞ്ഞു. പുരുഷ, വനിത, കുട്ടികളുടെ വാര്‍ഡുകളും പരിശോധനാ മുറികളും ഒ.പിയും സന്ദര്‍ശിച്ചു. പൊതുജനങ്ങളില്‍നിന്ന് പരാതികളും സ്വീകരിച്ച ശേഷമാണ് ആരോഗ്യ മന്ത്രി മടങ്ങിയത്.
നീലേശ്വരം: ജില്ലയിലെ വൃക്കരോഗികൾക്ക് സ്വയം ഡയാലിസിസ് ചെയ്യുന്നതിനുള്ള പെരിട്ടോണിയം പരിശീലന കേന്ദ്രം നീലേശ്വരം താലൂക്കാശുപത്രിയിൽ അനുവദിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. നിലവിൽ കാസർകോട് താലൂക്കാശുപത്രിയിലെ രോഗികൾക്ക് മാത്രമാണ് ഈ സൗകര്യമുള്ളത്.
പെരിട്ടോണിയം പരിശീലന കേന്ദ്രം ആരംഭിക്കുന്നതോടെ രോഗികൾക്ക് വീടുകളിൽനിന്ന് സ്വയം ഡയലാസിസ് ചെയ്യാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. നിലേശ്വരം താലൂക്ക് ആശുപത്രി സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കാസർകോട് വികസന പാക്കേജിൽനിന്ന് തുക കണ്ടെത്തി ഫ്രീസർ സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള സാധ്യതയും ആരായും. ഇതോടൊപ്പംതന്നെ ആശുപത്രിയിൽ ഇരുപതുവർഷം മുമ്പ് നിലച്ച പോസ്റ്റ് മോർട്ടം പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിൽ അനുവദിച്ച 13 കോടിയുടെ ഒ.പി ബ്ലോക്ക് ജനുവരിയിലെ കിഫ്ബി അവലോകന യോഗത്തിൽ പാസാക്കും. ലക്ഷ്യ പദ്ധതിയിൽ രണ്ടു കോടി ചെലവിൽ നിർമിക്കുന്ന പ്രസവ വാർഡിന്റെ പണി പൂർത്തിയാകുന്നതോടെ തൃക്കരിപ്പൂരിന് പുറമെ മണ്ഡലത്തിലെ രണ്ടാമത്തെ ഡെലിവറി പോയിന്റ് ഇവിടെ സജ്ജമാകും -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.