കാസർകോട്: വിദ്യാഭ്യാസ വകുപ്പും ഐ.ടി മിഷനും സംയുക്തമായി അഞ്ചു വയസ്സ് മുതല്‍ ഏഴുവരെയുള്ള കുട്ടികള്‍ക്ക് അക്ഷയകേന്ദ്രങ്ങളുടെ സഹകരണത്തോടെ സ്കൂളുകളില്‍ ആധാര്‍ അപ്ഡേഷന് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലതല ആധാര്‍ മോണിറ്ററിങ് കമ്മിറ്റി യോഗം അറിയിച്ചു. ജില്ലയില്‍ ഡിസംബര്‍ 31വരെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ ബാക്കിയുണ്ടായിരുന്ന 5,22,000 പേരില്‍ 1,93,000 പേര് ഈ പ്രക്രിയ പൂർത്തിയാക്കി. 2023 ആഗസ്റ്റ് മുതല്‍ ഡിസംബർ വരെ ജില്ലയില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത് 10 വര്‍ഷം കഴിഞ്ഞ 83,541 പേര് ആധാര്‍ പുതുക്കി. അക്ഷയകേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫിസുകള്‍ എന്നിവിടങ്ങളിലൂടെ ഡോക്യുമെന്റുകള്‍ അപ്ഡേറ്റ് ചെയ്ത കണക്കാണിത്. ജില്ലയില്‍ ഡിസംബര്‍ 31വരെ അഞ്ച് വയസ്സില്‍ താഴെയുള്ള 8000 കുട്ടികള്‍ ബയോമെട്രിക് അപ്ഡേഷന് നടത്തിയെന്നും യോഗം വിലയിരുത്തി.
ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ആധാര്‍ ലഭ്യമാക്കാന്‍ തഹസില്‍ദാര്‍ നല്കുന്ന ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റും മറ്റ് രേഖകളും ഇല്ലെന്ന് കാണിച്ച് കലക്ടര്‍ നല്കുന്ന ശിപാര്‍ശക്കത്തും പരിഗണിച്ച് ആധാര്‍ ലഭ്യമാക്കും. വൃദ്ധമന്ദിരങ്ങളിലുള്ളവര്ക്ക് സ്ഥാപനത്തിലെ ഔദ്യോഗിക പ്രതിനിധി നല്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷ രേഖയായി പരിഗണിച്ച് ആധാര്‍ നല്‍കും. ആധാറുമായി ബന്ധപ്പെട്ട കൃത്രിമങ്ങള്‍ നിരീക്ഷിക്കുമെന്നും യോഗം അറിയിച്ചു.
കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ആധാര്‍ അപ്ഡേഷന് ചെയ്തുകൊടുക്കുന്ന ഹോം ആധാര്‍ എൻറോള്‍മെന്റ് സൗകര്യം ലഭ്യമാക്കും. ആധാര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാര്‍ ജില്ല അക്ഷയ കേന്ദ്രത്തില്‍ 700 രൂപ ഫീസായി നല്‍കണം. അപേക്ഷ സമര്‍പ്പിച്ച് അപേക്ഷകരുടെ വീടുകളിലേക്കേ് ജീവനക്കാരെത്തി ആധാര്‍ കാര്‍ഡ് നല്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തും. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം കെ. നവീന്‍ബാബു അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.