നീതിപീഠമേ, ഈ കുഞ്ഞുങ്ങളെ വീണ്ടും പീഡിപ്പിക്കരുത്; വിചാരണകാത്ത് കാസർകോട് അറുനൂറോളം പോക്സോ കേസുകൾ

കാസർകോട്: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് നടപ്പാക്കിയ പോക്സോ കേസിലും നീതിവൈകുന്നു. അറുനൂറോളം പോക്സോ കേസുകളാണ് ജില്ലയിൽ വിചാരണയും വിധിയും കാത്തിരിക്കുന്നത്. ആറുവർഷം വരെയായി കെട്ടിക്കിടക്കുന്ന കേസുകളിൽ നീതി പുലരാൻ ഇനിയുമെത്ര കാത്തിരിക്കണം?

പോക്സോ കേസുകളിൽ ഒരുവർഷത്തിനകം വിചാരണ നടത്തി തീർപ്പാക്കണമെന്നിരിക്കെയാണ് അഞ്ചും ആറും വർഷം കാത്തിരിക്കേണ്ട സ്ഥിതി. കോവിഡ് അപഹരിച്ച രണ്ടു വർഷം, അന്വേഷണ ഉദ്യോഗസ്ഥരുടെ വീഴ്ച, കുടുംബത്തിലുള്ള സമ്മർദം, ജഡ്ജിമാരുടെ അടിക്കടിയുള്ള സ്ഥലംമാറ്റം തുടങ്ങി പല കാരണങ്ങളാൽ ജില്ലയിലെ കേസുകളിൽ വിചാരണ അനിശ്ചിതമായി നീളുന്നു. ജില്ലയിൽ രണ്ട് പോക്സോ കോടതികളാണുള്ളത്. അഡീഷനല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്), കാഞ്ഞങ്ങാട് അതിവേഗ കോടതി എന്നിവയാണവ. കാസർകോട് കോടതിയിൽ 2016 മുതലുള്ള 370ഓളം പോക്സോ കേസുകൾ കെട്ടിക്കിടക്കുന്നു. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് കോടതിയിൽ 200ലധികം കേസുകളും. കേസുകളുടെ എണ്ണം കൂടുമ്പോൾ വിചാരണയും വിധിയും വൈകുന്നതാണ് ജില്ല നേരിടുന്ന വലിയ പ്രതിസന്ധി.

അന്വേഷണ ഉദ്യോഗസ്ഥരുടെ അഭാവം

ലൈംഗികാതിക്രമണങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുക ലക്ഷ്യമിട്ട് നടപ്പാക്കിയതാണ് 'പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രൻ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ് അഥവാ പോക്സോ നിയമം. ഈ നിയമപ്രകാരം 18വയസ്സിനു താഴെയുള്ള എല്ലാവരും കുട്ടികളാണ്. ജില്ലയിൽ പോക്സോ കേസുകളിൽ തീർപ്പ് വൈകുന്നതിന് പ്രധാന കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ അഭാവമാണ്. കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് സ്റ്റേഷനിലെ മറ്റ് അടിയന്തര ജോലികളിൽ ഏർപ്പെടേണ്ടിവരുന്നതിനാൽ ഹാജരാകാൻ കഴിയുന്നില്ല. പൊതുതെരഞ്ഞെടുപ്പ് വേളയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഹാജരാവാതിരുന്നതിനാൽ പലതവണയാണ് കേസുകൾ മാറ്റിവെക്കേണ്ടി വന്നത്. സി.ഐ റാങ്കിലുള്ളവരാണ് നിലവിൽ പോക്സോ കേസുകൾ അന്വേഷിക്കുന്നവർ. ഇവരാകട്ടെ മിക്കവരും സ്റ്റേഷൻ ഹൗസ് ഓഫിസർമാരുമായിരിക്കും. ഇക്കാരണത്താൽ ഇവർക്ക് കോടതിയിൽ കൃത്യസമയത്ത് എത്താൻ സാധിക്കുന്നുമില്ല. ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റുകയാണ് ഇതിന് പ്രതിവിധി. സംസ്ഥാനത്ത് 44 സ്റ്റേഷൻ ഹൗസ് ഓഫിസർമാരെ പോക്സോ കേസന്വേഷണത്തിനു മാത്രം ചുമതലപ്പെടുത്താൻ മന്ത്രിസഭ കഴിഞ്ഞദിവസം തീരുമാനിച്ചത് വലിയ ആശ്വാസമാണ്.

സമ്മർദത്തിലാകുന്ന സാക്ഷികൾ

മറ്റു കേസുകളിൽനിന്ന് വ്യത്യസ്തമായി സാക്ഷികൾ വല്ലാതെ സമ്മർദത്തിലാവുന്ന കേസാണിത്. കുട്ടിയുടെ അടുത്ത ബന്ധുവോ അയൽവാസിയോ ആയിരിക്കും മിക്ക പോക്സോ കേസുകളിലും പ്രതിസ്ഥാനത്തുണ്ടാവുക. വിചാരണ വേളയിൽ സാക്ഷിയെ വിളിപ്പിച്ചാൽ ഇവർ വരാൻ മടിക്കുന്നത് പതിവാണ്. കുട്ടിയുടെ ബന്ധുക്കളിൽനിന്നുണ്ടാകുന്ന സമ്മർദമോ മറ്റോ ആണ് സാക്ഷിപറയാൻ മടിക്കുന്നതിനു കാരണം. അപൂർവം ചില കേസുകളിൽ ബന്ധുക്കൾ തന്നെ സാക്ഷിപറയുന്നതിൽനിന്ന് പിന്തിരിപ്പിക്കാറുണ്ട്. ഇതെല്ലാം കേസ് അനിശ്ചിതമായി നീണ്ടുപോകുന്നതിന് ഇടയാക്കുന്നു.

ജഡ്ജിമാരുടെ മാറ്റം; പുതിയ കോടതി ഉടൻ

ജഡ്ജിമാരുടെ സ്ഥലംമാറ്റമാണ് കേസ് നീണ്ടുപോകുന്നതിൽ മറ്റൊരു കാരണം. ജില്ലയിൽ നാലുവർഷത്തിനിടെ നാല് ജഡ്ജിമാരാണ് മാറിപ്പോയത്. നിലവിലെ ജഡ്ജി അടുത്തമാസം സ്ഥലംമാറി പോകും. സ്ഥാനക്കയറ്റം ലഭിച്ച് പോകുന്നതിനാൽ ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്താനുമാവില്ല. പുതിയ ജഡ്ജിമാർ വന്ന് ഫയൽ പഠിക്കുന്നതും മറ്റും കേസ് നീണ്ടുപോകാൻ കാരണമാകുന്നു. അഡീഷനല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് കോടതി (ഒന്ന്)ക്കു പുറമെ കാഞ്ഞങ്ങാട് ഫാസ്റ്റ്ട്രാക്ക് കോടതിയും പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നു. കാസർകോട് മെയിൻ കോടതിയിലെ ഏതാനും കേസുകൾ വിചാരണക്കായി കാഞ്ഞങ്ങാട്ടേക്ക് മാറ്റുകയാണ് ചെയ്യുന്നത്.

കാഞ്ഞങ്ങാട്ടും കാസർകോട്ടും സ്‍പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്. ഈ രണ്ടു കോടതികൾക്കുപുറമെ പോക്സോ കേസുകൾക്കു മാത്രമായി പുതിയ കോടതി ജില്ലയിൽ ഉടൻ സ്ഥാപിക്കും. കുടുംബകോടതിയുടെ സമീപമാണ് ഇതിനായി പരിഗണിക്കുന്നത്. ജില്ല കലക്ടർ സ്ഥലം ഇതിനകം സന്ദർശിച്ചു. ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നു.

കേസ് നീണ്ടാൽ താങ്ങാവുന്നതിലപ്പുറം

മറ്റു കേസുകളുമായി പോക്സോ കേസുകൾ താരതമ്യംചെയ്യാൻ പാടില്ലെന്നാണ് അഭിഭാഷകർ പറയുന്നത്. ഇരയാക്കപ്പെട്ട കുട്ടിയുടെ മാനസികാവസ്ഥകൂടി പരിഗണിച്ചേ തെളിവെടുപ്പിന് കോടതിയിൽ ഹാജരാക്കാൻ കഴിയൂ. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷ വേളകൾ കണക്കിലെടുത്ത് കേസുകൾ പലപ്പോഴായി മാറ്റിവെക്കേണ്ടി വന്നു. കുട്ടിയുടെ എല്ലാവശവും കണക്കിലെടുത്തേ കോടതിയിലേക്ക് വിളിപ്പിക്കാൻ കഴിയൂ.

കുട്ടിക്കാലത്ത് നടന്ന സംഭവം അഞ്ചും ആറും വർഷം കഴിഞ്ഞ് വിചാരണക്ക് എടുക്കുന്നതും വിധിപറയുന്നതും കുട്ടിയെ മാനസികമായി ബാധിക്കുന്നു. കുട്ടിക്കാലത്ത് നടന്ന കുറ്റകൃത്യത്തിന്റെ വിചാരണ വല്ലാതെ വൈകുമ്പോൾ ഉന്നത പഠനത്തെയും അത് ബാധിക്കുന്നു. വിവാഹജീവിതത്തെയും ചിലപ്പോൾ പ്രതികൂലമായി ബാധിക്കുന്നു.

പത്താംക്ലാസ് പഠിക്കുന്നവേളയിൽ നടക്കുന്ന സംഭവത്തിൽ അഞ്ചു വർഷം കഴിഞ്ഞ് വിചാരണക്ക് വിളിച്ചാൽ അതുണ്ടാക്കുന്ന പ്രയാസം വലുതാണെന്ന് ഒരു അഭിഭാഷകൻ പറഞ്ഞു. മറക്കാൻ ശ്രമിക്കുന്ന കാര്യം വീണ്ടും വീണ്ടും ഓർമപ്പെടുത്തലാണ് അതുവഴി ഉണ്ടാകുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഒരുവർഷത്തിനകം വിചാരണ നടത്തി തീർപ്പാക്കുകയെന്ന് പോക്സോ നിയമം തന്നെ ചൂണ്ടിക്കാട്ടുന്നത്.

'ഇരയുടെ വിചാരണയെങ്കിലും ഒരുവർഷത്തിനകം പൂർത്തിയാക്കണം'

പോക്സോ കേസുകൾ സമയബന്ധിതമായി തീർപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ ഇരയുടെ വിചാരണയെങ്കിലും ഒരുവർഷത്തിനകം പൂർത്തീകരിക്കണമെന്ന് സ്‍പെഷൽ പ്രോസിക്യൂട്ടർ അഡ്വ. പ്രകാശ് അമ്മണ്ണായ പറഞ്ഞു. ഒരുവർഷത്തിനകം വിധി നൽകണമെന്നാണ് നിയമമെങ്കിലും അത് നടപ്പാകുന്നില്ല.

കോവിഡ് കാരണം വിചാരണ കുറേ തടസ്സപ്പെട്ടു. 2016ലെ ഇപത്തഞ്ചോളം കേസുകളാണ് ഇനിയുള്ളത്. പരമാവധി വേഗത്തിലാക്കുന്നുണ്ട്. അതേസമയം, 2020ലെ ചില കേസുകളിൽ തീർപ്പാക്കിയിട്ടുണ്ട്. പല ഘടകങ്ങൾ കാരണമാണ് വിധി നീളുന്നത്. ജാമ്യമെടുത്ത് പോകുന്നവർ വരാതിരിക്കുന്നതും കേസ് നീണ്ടുപോകുന്നതിന് കാരണമാവുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - About 600 pocso cases pending trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.