പാലക്കുന്ന്: മഴ തുടങ്ങിയയോടെ പറമ്പുകളിൽ ആഫ്രിക്കൻ ഒച്ചുകൾ (അക്കാറ്റിന ഫുലിക്ക-ശാസ്ത്ര നാമം) പെരുകുന്നു. വാഴയിലകളും കൂമ്പും പപ്പായ തുടങ്ങിയ ഫലവർഗ കൃഷിവിളകളും വീട്ടിൽ നട്ടുവളർത്തുന്ന അലങ്കാരച്ചെടിയുടെ ഇലകളും നശിപ്പിക്കാൻ തുടങ്ങിയതോടെ നാട്ടുകാർ ദുരിതത്തിലാണ്.
ഇവയെ നശിപ്പിക്കാൻ കറിയുപ്പ് വിതറുന്ന രീതി പരീക്ഷിക്കുകയാണ് കർഷകർ. 70 ഗ്രാം കോപ്പർ സൾഫേറ്റും (തുരിശ്) 30 ഗ്രാം പുകയിലച്ചപ്പും പൊടിച്ച് വെള്ളത്തിൽ കലക്കി ഒരു രാത്രി മുഴുവൻ കുതിർത്തുവെച്ച മിശ്രിതം രാവിലെ സ്പ്രേ ചെയ്താൽ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ സാധിക്കുമെന്ന് ഉദുമ കൃഷി ഭവൻ ഓഫിസർ കെ. നാണുകുട്ടൻ പറഞ്ഞു.
ഹോമിയോ ഗുളികയുടെ രൂപത്തിൽ അനേകം മുട്ടകളിടുന്ന ജീവിയാണിത്. ഇതിന്റെ സ്രവം ദേഹത്തുതട്ടാതെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉദുമ പഞ്ചായത്തിന്റെ വിവിധ ഇടങ്ങളിൽ ആഫ്രിക്കൻ ഒച്ചിന്റെ ശല്യമുണ്ടെങ്കിലും കോട്ടിക്കുളം ജി.യു.പി സ്കൂൾ പരിസരത്തും റയിൽവേ സ്റ്റേഷൻ ഭാഗങ്ങളിലും പാലക്കുന്നിലുമാണ് ആഫ്രിക്കൻ ഒച്ചുകളുടെ ബാഹുല്യമുള്ളത്. നാട്ടുകാർ കൃഷി ഓഫിസറുടെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്ന് അദ്ദേഹം തിങ്കളാഴ്ച സ്ഥലത്തെത്തി നിർദേശങ്ങൾ നൽകി. കഴിഞ്ഞ വർഷം ജില്ലയുടെ തെക്കേ ഭാഗങ്ങളിൽ ഇതേ രീതിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഈർപ്പമുള്ള പറമ്പുകളിലാണ് ഒച്ചുകൾ ഏറെയുള്ളതെന്ന് പറയുന്നുണ്ടെങ്കിലും പാലക്കുന്ന്, കോട്ടിക്കുളം ഭാഗങ്ങളിൽ റോഡരികിലും കെട്ടിട ചുമരുകളിലും രാവിലെ ഇവയെ കാണാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.