കാസർകോട്: മാലിന്യ മുക്ത നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി 2025 ജനുവരി 26ന് ജില്ലയെ മാലിന്യ മുക്തമായി പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ 777 വാര്‍ഡുകളിലും മാലിന്യ മുക്ത പരിപാടി നടത്തുമെന്നും ആസൂത്രണ സമിതി.
ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന ജനകീയ കാമ്പയിൻ നടക്കും. ഒക്ടോബര്‍ രണ്ടിന് ജില്ലയിലെ മുഴുവന്‍ വാർഡുകളിലും വിവിധ ശുചിത്വ പ്രവൃത്തികളുടെ ഉദ്ഘാടനം നടക്കും. ജില്ലാതല ഉദ്ഘാടനം പൈവളിഗെ സ്കൂളില്‍ നടത്തും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിത സ്കൂളുകളുടെ പ്രഖ്യാപനവും അന്ന് നടക്കും.
ശുചിത്വവും ഗുണമേന്മയും ഉറപ്പു നല്കുന്ന കുടിവെള്ളം നല്കുന്ന പദ്ധതിയായ ആര്.ഒ പ്ലാന്റ് ജില്ലയിലെ 21 സ്കൂളുകളില്‍ നടപ്പാക്കിയിട്ടുണ്ട്. പിലിക്കോട് ജി.എച്ച്.എസ്.എസ്, ബളാംതോട് ജി.എച്ച്.എസ്.എസ്, പട്ള ജി.എച്ച്.എസ്.എസ്, കുമ്പള ജി.എച്ച്.എസ്.എസ്, മലോത്ത് കസബ ജി.എച്ച്.എസ്.എസ്, ചായോത്ത് ജി.എച്ച്.എസ്.എസ്, കക്കാട്ട് ജി.എച്ച്.എസ്.എസ്, ഇരിയണ്ണി ജി.എച്ച്.എസ്.എസ്, കുണ്ടംകുഴി ജി.എച്ച്.എസ്.എസ്, അട്ടേങ്ങാനം ജി.എച്ച്.എസ്.എസ്, ചന്ദ്രഗിരി ജി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ തുമ്പൂര്‍മൊഴി അറ്റ് സ്കൂള്‍ പദ്ധതിയും ബെള്ളിക്കോത്ത് ജി.വി.എച്ച്.എസ്.എസ്, കുട്ടമത്ത് ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളില്‍ പൂര്‍ത്തിയാക്കിയ ബയോഗ്യാസ് സംവിധാനവും പത്ത് വിദ്യാലയങ്ങളില്‍ പൂര്‍ത്തിയാക്കിയ ഫ്രീഹാബ് ടോയ്ലറ്റുകളും ഉദ്ഘാടനം ചെയ്താണ് ഹരിത സ്കൂള്‍ പ്രഖ്യാപനം നടത്തുക.
പുതിയതായി ആരംഭിക്കുന്ന 18 വിദ്യാലയങ്ങളിലെ ആര്.ഒ പ്ലാന്റുകളുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്യും. സെപ്റ്റംബര്‍ 20ഓടെ മുഴുവന്‍ വാര്‍ഡ് തല യോഗങ്ങളും പൂര്‍ത്തിയാകും. ജില്ല ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന് അധ്യക്ഷത വഹിച്ചു. ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യ പ്രഭാഷണം നടത്തി.
തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടര്‍ ജെയ്സണ്‍മാത്യു ആമുഖ പ്രഭാഷണം നടത്തി. നവകേരളം കർമപദ്ധതി ജില്ല കോഓഡിനേറ്റര്‍ കെ. ബാലകൃഷ്ണന് വിഷയം അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, ശുചിത്വമിഷന് ജില്ല കോഓഡിനേറ്റര്‍ പി. ജയന്, ജില്ല പ്ലാനിങ് ഓഫിസര്‍ ടി. രാജേഷ്, കുടുംബശ്രീ എ.ഡി.എം.സി. സി.എച്ച്. ഇഖ്ബാല്‍, ജില്ല ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂർ, എസ്.എൻ. സരിത ഗീത കൃഷ്ണൻ, ജാസ്മിൻ കബീർ ചെർക്കള, നജ്മറാഫി, ആർ. റീത്ത, അഡ്വ. സി. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.