ശക്തികേന്ദ്രത്തിലെ പരാജയം; ബി.ജെ.പിയിൽ കലാപം

കാസർകോട്: സിറ്റിങ് സീറ്റായ ബദിയടുക്ക പട്ടാജെയിലെ പരാജയത്തെച്ചൊല്ലി ബി.ജെ.പിയിൽ അഭിപ്രായ ഭിന്നത രൂക്ഷം. കോൺഗ്രസിനോടുള്ള തോൽവിയിൽ പ്രതിഷേധിച്ച് സ്ഥാനാർഥി മഹേഷ് വളക്കുഞ്ച സ്ഥാനങ്ങൾ രാജിവെച്ചു. മണ്ഡലം ട്രഷററായിരുന്ന മഹേഷ്, പരാജയ കാരണം പാർട്ടി പ്രാദേശിക നേതൃത്വമാണെന്നാരോപിച്ച് പാർട്ടി നേതൃത്വത്തിന് കത്തയച്ചു.

തോൽവി സ്വാഭാവികമാണെന്ന് ബദിയടുക്ക മണ്ഡലം കമ്മിറ്റി വിശദീകരിക്കുന്നുണ്ടെങ്കിലും ബി.ജെ.പി ശക്തികേന്ദ്രത്തിൽ 18 വർഷമായി കൈവശമുള്ള സീറ്റിൽ തോറ്റത് സംസ്ഥാന നേതൃത്വത്തിൽതന്നെ ചർച്ചയായി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പ്രചാരണത്തിന് നേരിട്ടിറങ്ങിയ വാർഡാണ് പട്ടാജെ.

ബി.ജെ.പിയുടെ വോട്ടുബാങ്കില്‍ വന്‍ ചോര്‍ച്ച ഉണ്ടായെന്നും ചിലര്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചെന്നുമാണ് നേതൃത്വത്തിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെയും വാര്‍ഡ് കമ്മിറ്റിയുടെയും യോഗത്തിലും വിമർശനമുണ്ടായി. പാര്‍ട്ടി സ്ഥാനാര്‍ഥിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കും വോട്ട് ചോര്‍ച്ചക്ക് ഉത്തരവാദികളായവര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ബദിയടുക്ക പഞ്ചായത്തിലെ 14ാം വാര്‍ഡായ പട്ടാജെയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ശ്യാമപ്രസാദ് മാന്യയാണ് വിജയിച്ചത്. 427 വോട്ടാണ് ശ്യാമപ്രസാദിന് ലഭിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി മഹേഷ് വളക്കുഞ്ച വാര്‍ഡ് നിലനിര്‍ത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 389 വോട്ട് നേടി രണ്ടാംസ്ഥാനത്താവുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായിരുന്ന കെ.എന്‍. കൃഷ്ണഭട്ട് 423 വോട്ടുകള്‍ നേടി വിജയിച്ചിരുന്നു.

ബി.ജെ.പിയുടെ മുഴുവന്‍ വോട്ടുകളും പാര്‍ട്ടി നിശ്ചയിച്ച സ്ഥാനാർഥിക്കുതന്നെ ലഭിച്ചിരുന്നുവെന്നാണ് മണ്ഡലം സെക്രട്ടറി സുനിൽ പറഞ്ഞത്.

തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹത്തിനുമേലാണ് പതിക്കുന്നത്. കഴിഞ്ഞ തവണ കൃഷ്ണഭട്ടിനു ലഭിച്ച വോട്ടിനേക്കാള്‍ 34 വോട്ടിന്റെ കുറവ് മാത്രമാണ് ഉണ്ടായതെന്ന് സുനിൽ പറയുന്നു. ബംഗളൂരു, മംഗളൂരു, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ ജോലിചെയ്യുന്ന ഏറ്റവും കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകരുള്ള വാര്‍ഡാണ് പട്ടാജെ.

ഉപതെരെഞ്ഞെടുപ്പായതുകൊണ്ടും മറ്റു പല കാരണങ്ങളാലും പലര്‍ക്കും വോട്ട് ചെയ്യാന്‍ വരാന്‍പറ്റാത്ത സാഹചര്യമാണ് വോട്ട് കുറയാന്‍ കാരണമെന്ന സുനിലിന്റെ വാദം ജില്ല നേതൃത്വം അംഗീകരിക്കുന്നില്ല.

സി.പി.എമ്മിന്റെ വോട്ടുകള്‍ യു.ഡി.ഫിന്റെ വിജയത്തിന് കാരണമായെന്നാണ് പി.ആര്‍. സുനിലിന്റെ അഭിപ്രായമെങ്കിലും സി.പി.എം സ്ഥാനാർഥിയുടെ വോട്ട് വർധിച്ചതായി സി.പി.എം പറയുന്നു.

Tags:    
News Summary - by election failure; rebellion in BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.