ഫ്ലാറ്റിലെ മുറിയിൽ കുടുങ്ങിയ കുട്ടിയെ രക്ഷിക്കാൻ കാസർകോട് അഗ്നിരക്ഷസേനയിലെ എം. ഉമ്മർ കയർ വഴി താഴേക്കിറങ്ങുന്നു

അ​ഞ്ചാം​നി​ല​യി​ലെ മു​റി​യി​ൽ കു​ടു​ങ്ങി പി​ഞ്ചു​കു​ഞ്ഞ്​; രക്ഷകരായി അഗ്​നിരക്ഷാസേന

കാസർകോട്: പത്തുനില ഫ്ലാറ്റ് സമുച്ചയത്തിലെ അഞ്ചാംനിലയിലെ മുറിയിൽ കുടുങ്ങി രണ്ടുവയസ്സുകാരൻ. കുഞ്ഞിനെ രക്ഷിക്കാൻ ആറാംനിലയിൽനിന്ന് കയർ വഴി തൂങ്ങിയിറങ്ങി അഗ്നിരക്ഷസേനയും. വിദ്യാനഗറിലെ ഫ്ലാറ്റിലായിരുന്നു നെഞ്ചിടിപ്പിക്കുന്ന രംഗങ്ങൾ അരങ്ങേറിയത്​.

സഹോദരിയുടെ ഫ്ലാറ്റിലേക്ക് ഓണത്തിന് വിരുന്നെത്തിയതായിരുന്നു കളനാട്ടെ അമ്മയും മകനും. ഫ്ലാറ്റിൽ ഓണാഘോഷത്തിന് വീട്ടുകാർ തയാറെടുക്കുമ്പോഴാണ് സംഭവം. ഉച്ചക്ക് രണ്ടിന് മുറിയിൽ കയറിയ കുഞ്ഞ് ഉള്ളിൽനിന്ന് താഴ് അമർത്തുകയായിരുന്നു. ഇരട്ടത്താഴ് വീണ വാതിൽ പുറത്തുനിന്ന് തുറക്കാൻ വീട്ടുകാർ ശ്രമിച്ചെങ്കിലും നടന്നില്ല. മുറിയിലേക്കുള്ള പ്രധാന വാതിലാണ് അടഞ്ഞത്. ബാൽക്കണിയിലുള്ള മറ്റൊരു വാതിലിലേക്ക് എത്താൻ വേറെ മാർഗവുമുണ്ടായിരുന്നില്ല.തുടക്കത്തിൽ നിലവിളിച്ച കുഞ്ഞി​െൻറ ശബ്​ദം കേൾക്കാതായതോടെ പരിഭ്രാന്തിയിലായ വീട്ടുകാർ കാസർകോട് അഗ്നിരക്ഷസേനയിൽ വിവരം അറിയിച്ചു. ഉടനെത്തിയ സേനാസംഘം വാതിൽ തുറക്കാൻ കഴിയില്ലെന്ന് മനസ്സിലായതോടെ ആറാം നിലയിലെ ഫ്ലാറ്റിലെത്തി. കുഞ്ഞിരിക്കുന്ന മുറിയുടെ നേരെ മുകളിലുള്ള മുറിയുടെ ബാൽക്കണിയിലൂടെ ഫയർമാനായ എം. ഉമ്മർ കയറിലൂടെ തൂങ്ങിയിറങ്ങി.

ബാൽക്കണിയിൽനിന്ന് മുറിയിലേക്കുള്ള വാതിൽ തുറന്നിരുന്നതിനാൽ ഉമ്മറിന് കുട്ടിക്കരികിലേക്ക് പെട്ടെന്ന് എത്താനായി. അപ്പോഴേക്കും കുഞ്ഞ് കരഞ്ഞുതളർന്ന് ഉറങ്ങിയിരുന്നു. കുട്ടിയുടെ പിതാവ് വിദേശത്താണ്. അഗ്നിരക്ഷസേന സ്​റ്റേഷൻ ഓഫിസർ പി.വി. പ്രകാശ് കുമാർ, അസി. സ്​റ്റേഷൻ ഓഫിസർ കെ.ബി. ജോസ്, പ്രവീൺ കുമാർ, വി. ഗോപാലകൃഷ്ണൻ, ഡി.എൽ. നിഷാന്ത്, കെ. ഗോപാലകൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ്​ രക്ഷകരായത്​.

ശ്രദ്ധിക്കുക, കുട്ടികൾക്ക് കൈയെത്തും ദൂരത്ത് താഴ്​ വെക്കരുത്

കാസർകോട്​: ഒരുമാസത്തിനിടെ കാസർകോട് നഗരപരിധിയിൽ താഴുവീണ് കുടുങ്ങുന്ന മൂന്നാമത്തെ സംഭവമാണിതെന്ന്​ അഗ്​നിശമനസേന ഉദ്യോഗസ്​ഥർ പറഞ്ഞു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയം വേണ്ടിവന്നാൽ കുട്ടികളെ അത് ബാധിക്കും. വലിയവരും ഇതുപോലെ കുടുങ്ങാറുണ്ട്. ചെറിയ കുട്ടികളുടെ കൈയെത്തും ദൂരത്ത് വാതിലി​െൻറ താഴ് വെക്കുന്നതാണ് അപകടങ്ങൾക്ക് കാരണം.

മിക്ക ഫ്ലാറ്റുകളിലും പ്രവേശിക്കാൻ ഒരു വാതിൽ മാത്രമാണ് ഉണ്ടാവുക. മുറിക്കകത്തുനിന്ന് താഴുവീഴുന്ന സംവിധാനം ഏർപ്പെടുത്തുന്നത് നല്ലതല്ല. പ്രായമായവർക്കുപോലും എന്തെങ്കിലും സംഭവിച്ചാൽ മുറിക്കുള്ളിൽ പെട്ടുപോകും. മുറിക്കുള്ളിൽ കുടുങ്ങുന്നതുപോലെ ബാൽക്കണിയിൽ കുടുങ്ങുന്ന സംഭവങ്ങളും നിരവധിയുണ്ട്. മുറിയിൽനിന്ന് പുറത്തേക്ക് ചില്ലി‍െൻറ വാതിൽ വെക്കുന്നതാണ് ഇതിന് കാരണം. വീടൊരുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിത അപകടങ്ങൾ ഒഴിവാക്കാനാകും.



Tags:    
News Summary - child locked in the room on the fifth floor; Fireforce as rescuers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.