മൊഗ്രാൽ: മൊഗ്രാൽ വെക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ രണ്ടു ദിവസമായി നടന്ന സ്കൂൾ കായികമേളക്കിടെ ഹയർസെക്കൻഡറി വിഭാഗത്തിലെ വിദ്യാർഥികൾ സ്കൂളിലും ദേശീയപാതയോരത്തും ചേരിതിരിഞ്ഞ് സംഘട്ടനത്തിലേർപ്പെട്ടു. ഇതിന് പിന്നാലെ പ്രധാനാധ്യാപകൻ എം.എ. അബ്ദുൽ ബഷീറിന് സ്ഥലംമാറ്റം ലഭിച്ചതിൽ നാട്ടുകാരും പി.ടി.എയും ആശങ്കയിലാണ്.
സ്കൂളിന്റെ അച്ചടക്കത്തിന്റെ കാര്യത്തിൽ കർക്കശ നിലപാട് സ്വീകരിക്കുന്നയാളാണ് പ്രധാനാധ്യാപകൻ അബ്ദുൽ ബഷീർ. സ്കൂളിൽ സംഘർഷാവസ്ഥ നിലനിൽക്കെയാണ് അദ്ദേഹത്തിന് സ്ഥലംമാറ്റം ലഭിച്ചിട്ടുള്ളതെന്നതാണ് ആശങ്കക്ക് കാരണം. ശനിയാഴ്ച കായികമേളക്കിടെയുണ്ടായ സംഘർഷത്തിനിടെ കുമ്പള സി.ഐ വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസെത്തി ലാത്തി വീശിയതയോടെയാണ് വിദ്യാർഥികൾ പിരിഞ്ഞുപോയത്. പ്ലസ് വൺ വിദ്യാർഥികൾ സംഘടിച്ച് വെള്ള ടീഷർട്ട് ധരിച്ച് സ്കൂളിലെത്തിയതാണ് പ്രശ്നത്തിന് തുടക്കം.
കായികമത്സരങ്ങളിൽ തങ്ങളെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ചാണ് വിദ്യാർഥികൾ ടീഷർട്ട് ധരിച്ച് സ്കൂളിലെത്തിയത്. ടീഷർട്ടിന്റെ മുൻവശത്ത് ‘അഴിഞ്ഞാട്ടം’എന്ന് എഴുതിയത് അധ്യാപകരെയും നാട്ടുകാരെയും പി.ടി.എയെയും പ്രകോപിപ്പിച്ചു. ഈ ടീഷർട്ട് ധരിച്ച് സ്കൂൾ കമ്പോണ്ടിനകത്ത് പ്രവേശിക്കാൻ അനുവധിക്കില്ലെന്നായിരുന്നു പി.ടി.എയുടെയും അധ്യാപകരുടെയും നിലപാട്. ഇതിനിടെ പ്ലസ് ടു വിദ്യാർഥികൾ കൂടി പ്രശ്നത്തിൽ ഇടപെട്ടതോടെ സംഘർഷം തുടങ്ങുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. സ്കൂളിൽനിന്ന് തുടങ്ങിയ സംഘർഷം പിന്നീട് ദേശീയപാത അടിപ്പാതവരെയെത്തി. സംഘർഷത്തിനിടയിൽ ഇതുവഴി നടന്നുപോവുകയായിരുന്ന ഒരു കുട്ടിക്ക് വീണ് പരിക്കേറ്റതോടെ നാട്ടുകാർ ഇടപെട്ടു. സംഘർഷത്തിനിടെ ചില വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.