കാസർകോട്: കണ്ണൂർ സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐ മേധാവിത്വം. പെരിയ അംബേദ്കർ കോളജിൽ മുഴുവൻ സീറ്റും നേടി ഭരണം തിരിച്ചുപിടിച്ചു.
കുമ്പള ഐ.എച്ച്.ആർ.ഡി കോളജ് യൂനിയൻ എസ്.എഫ്.ഐ പിടിച്ചെടുത്തു. കാഞ്ഞങ്ങാട് നെഹ്റു കോളജ്, ഉദുമ ഗവ. കോളജ്, മുന്നാട് പീപ്ൾസ്, എസ്.എൻ പെരിയ, സി.കെ. നായർ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ ജയിച്ചു.
ഇ.കെ. നായനാർ സ്മാരക ഗവ. കോളജ് എളേരിത്തട്ട്, കരിന്തളം ഗവ. കോളജ്, എസ്.എൻ.ഡി.പി കാലിച്ചാനടുക്കം, പള്ളിപ്പാറ ഐ.എച്ച്.ആർ.ഡി, മടിക്കൈ ഐ.എച്ച്.ആർ.ഡി എന്നിവിടങ്ങളിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ നേരത്തെതന്നെ എതിരില്ലാതെ വിജയിച്ചിരുന്നു. മഞ്ചേശ്വരം ഗോവിന്ദപൈ ഗവ. കോളജ് എ.ബി.വി.പി തിരിച്ചുപിടിച്ചു. പെർള നളന്ദ കോളജിൽ മുഴുവൻ സീറ്റിലും എ.ബി.വി.പി വിജയിച്ചു.
എസ്.എഫ്.ഐ - എ.ബി.വി.പി സഖ്യമെന്ന് എം.എസ്.എഫ്
കാസർകോട്: കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോളജുകളിൽ എസ്.എഫ്.ഐ - എ.ബി.വി.പി സഖ്യമായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ആബിദ് ആറങ്ങാടി ആരോപിച്ചു.
കുമ്പള ഐ.എച്ച്.ആർ.ഡി കോളജിൽ യു.ഡി.എസ്.എഫിനെ പരാജയപ്പെടുത്താൻ ഇരുകൂട്ടരും സീറ്റുകൾ വീതം വെച്ചെടുത്തു മത്സരിക്കുകയായിരുന്നു. കുമ്പള പഞ്ചായത്ത് സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ തുടങ്ങിയ സി.പി.എം- ബി.ജെ.പി ബന്ധത്തിന്റെ ചുവടുപിടിച്ചാണ് മത്സരിച്ചത്. പെരിയ അംബേദ്കർ കോളജ്, കാഞ്ഞങ്ങാട് നെഹ്റു കോളജ്, പടന്നക്കാട് സി.കെ. നായർ കോളജ് എന്നിവിടങ്ങളിൽ എസ്.എഫ്.ഐയെ ജയിപ്പിക്കാനായി എ.ബി.വി.പി സ്ഥാനാർഥികളെ നിർത്താതെ സഹായിച്ചെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.