കാസര്‍കോട്: ക്ലാസ് മുറിയെ ഷേക്സ്പിയർ നാടകങ്ങളുടെ തീയറ്ററാക്കി വിദ്യാർഥികളുടെ മനസ്സിൽ ചിരസ്മരണ നേടിയ കാസര്‍കോട് ഗവ. കോളജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന പ്രഫ. പി.കെ. ശേഷാദ്രിക്ക് നൂറുകണക്കിന് ശിഷ്യഗണങ്ങളുടെ സ്നേഹാഞ്ജലി. അദ്ദേഹത്തിന്റെ 16ാം ചരമവാര്‍ഷിക ദിനത്തില്‍ കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍, 43 വർഷം മുമ്പ് ശേഷാദ്രിയും ശിഷ്യരും തൃശൂരിൽ അവതരിപ്പിച്ച ‘ദി ഗെയിം ഓഫ് ചെസ്’ എന്ന നാടകം അരങ്ങേറി. 45 മിനിറ്റ് നീണ്ടുനിന്ന ആ ഇംഗ്ലീഷ് നാടകം സദസ്സ് ശ്വാസമടക്കിപ്പിടിച്ച് ആസ്വദിച്ചു. പുതുമ മാറാത്ത പ്രമേയവും മികച്ച അഭിനയമികവും കണ്ട് ആശ്ചര്യപ്പെട്ടിരുന്നവർ ഒന്നടങ്കം നാടകം അവസാനിക്കരുതേയെന്ന് കൊതിച്ചുപോയ നിമിഷങ്ങളുമുണ്ടായിരുന്നു.
അന്ന് അലക്സിസ് അലക്സാണ്ട്രോവിച്ചിന്റെ വേഷത്തിലെത്തി മുഴുനീളെ നിറഞ്ഞുനിന്ന ടി.എ ഇബ്രാഹിം അപാരമായ അഭിനയമികവ് കൊണ്ട് കാണികളുടെ ഹൃദയം കീഴടക്കി. 1981ല്‍ തൃശൂരില്‍ നടന്ന കോഴിക്കോട് സര്‍വകലാശാല കലോത്സവത്തില്‍ മികച്ച നാടകവും മികച്ച നടനുമായി തെരഞ്ഞെടുക്കപ്പെട്ടത് ദി ഗെയിം ഓഫ് ചെസും ടി.എ. ഇബ്രാഹിമുമായിരുന്നു. ബോറിസ് ഇന്നോവിച്ചായി എത്തിയ വഹാബ് പൊയക്കരയും കൈയടി നേടി. ഗള്‍ഫിലായിരുന്ന വഹാബ് രണ്ട് ദിവസം മുമ്പ് മാത്രം നാട്ടിലെത്തി പരിശീലിച്ചാണ് തന്റെ വേഷം മനോഹരമാക്കിയത്. 1981ല്‍ കോഴിക്കോട് സര്‍വകലാശാല കലോത്സവത്തില്‍ ഇതേ വേഷം ചെയ്തതും വഹാബാണ്. കോണ്‍സ്റ്റന്റൈന്റെ വേഷത്തിലെത്തിയ കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാൻസലര്‍ ഡോ. ഖാദര്‍ മാങ്ങാടും ഫൂട്ട്മാന്റെ വേഷത്തിലെത്തിയ ജിയോളജി ജില്ല വിഭാഗം മേധാവിയായിരുന്ന ഡോ. അഷ്റഫും മികച്ച പ്രകടനം കാഴ്ചവെച്ചു.
പ്രഫ. പി.കെ. ശേഷാദ്രിക്കൊപ്പം ഇതേ കോളജിലെ അധ്യാപകനായിരുന്ന പ്രഫ. സി. താരാനാഥും ചേര്‍ന്നാണ് 1981ല്‍ ‘ദി ഗെയിം ഓഫ് ചെസ്’ സംവിധാനം ചെയ്തത്. ഇത്തവണ പി.കെ. ശേഷാദ്രിയുടെ അഭാവത്തില്‍ പ്രഫ. സി. താരാനാഥ് ആ ദൗത്യം തനിച്ച് ഏറ്റെടുക്കുകയായിരുന്നു. സാങ്കേതിക സഹായം ജി.എസ്. അനന്തകൃഷ്ണനും അശ്വത് മുത്തപ്പനും നിര്‍വഹിച്ചു. വെങ്കിടേഷ് രാമകൃഷ്ണനായിരുന്നു സ്റ്റേജ് മാനേജര്‍. ജനപ്രതിനിധികളും ന്യായാധിപന്മാരും പ്രമുഖരായ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ചടങ്ങിനെത്തിയിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉന്നത ശ്രേണികളില്‍ സേവനമനുഷ്ഠിക്കുന്നവരും വിരമിച്ചവരുമായ ശിഷ്യഗണങ്ങളുടെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. അനുസ്മരണ സമ്മേളനത്തിൽ പ്രഫ. സി. താരാനാഥ് മുഖ്യപ്രഭാഷണം നടത്തി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ, സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ഡോ. ഖാദര്‍ മാങ്ങാട്, ഡോ. അംബികാസുതന്‍ മാങ്ങാട്, രത്നാകരന് മാങ്ങാട്, പ്രഫ. സാഹിറ റഹ്മാന്, ശേഷാദ്രിയുടെ മകന് കൃഷ്ണ കുമാര്‍, വെങ്കിടേഷ് രാമകൃഷ്ണന്, പ്രഫ. അലിയാര് കുഞ്ഞ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി. അസീസ് സ്വാഗതവും ദിനേശ് നന്ദിയും പറഞ്ഞു. സംഘാടക സമിതി ചെയര്മാന് കെ.എം. ഹനീഫിനെ ശേഷാദ്രി മാഷിന്റെ മക്കളായ കൃഷ്ണകുമാറും ഇന്ദുവും ആദരിച്ചു. ബാര ഭാസ്കരന്, വേണു കണ്ണന്, ഷാഫി എ. നെല്ലിക്കുന്ന് എന്നിവര്‍ വരച്ച ശേഷാദ്രിയുടെ ഛായാചിത്രം മക്കള്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.