കാസർകോട്: ബേക്കലിൽ 159 മുറികളുള്ള രണ്ടാമത്തെ റിസോർട്ട് സംരംഭവുമായി ടാറ്റ ഗ്രൂപ്. ബംഗളൂരു ആസ്ഥാനമായുള്ള ഗോപാലൻ എന്റർപ്രൈസസ് ബേക്കലിൽ നിർമിക്കുന്ന റിസോർട്ടാണ് ടാറ്റ ഗ്രൂപ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച് താജ് ഹോട്ടൽ ഉടമകളായ ടാറ്റ ഗ്രൂപ്പിന്റെ ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡും ഗോപാലൻസ് എന്റർപ്രൈസസും ധാരണപത്രത്തിൽ ഒപ്പിട്ടു.
കാസർകോടിന്റെ വിനോദ സഞ്ചാര മേഖലക്ക് ഏറെ മുതൽക്കൂട്ടാവുന്നതാണ് തീരുമാനം. ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡിന്റെ മറ്റൊരു ബ്രാൻഡായ 'സിലക്ഷൻസ്' എന്നുപേരുള്ള സംരംഭമാണ് ബേക്കലിൽ ടാറ്റ പുതുതായി തുടങ്ങുന്നത്. ഉദുമ മലാംകുന്നിലെ 30 ഏക്കറിൽ ഗോപാൽ എന്റർപ്രൈസസിനു കീഴിൽ പ്രവൃത്തി പുരോഗമിക്കുന്ന റിസോർട്ട് 2024ഓടെ സിലക്ഷൻസ് ബ്രാൻഡായി മാറും. സിലക്ഷൻ ബ്രാൻഡിൽ കേരളത്തിൽ താജിന്റെ ആദ്യത്തെ പദ്ധതിയാണിത്. ബേക്കലിൽ പത്തുവർഷം മുമ്പ് 77 മുറികളുള്ള റിസോർട്ടാണ് ടാറ്റ ഗ്രൂപ് ആദ്യം തുടങ്ങിയത്.
ബീച്ച്, കായൽ, കുന്നിൻ പ്രദേശം, ബേക്കൽ കോട്ട എന്നിങ്ങനെയുള്ള പ്രത്യേകതകളാണ് ടാറ്റ ഗ്രൂപ്പിനെ ബേക്കലിലെത്തിച്ചത്. ഹോട്ടൽ, റസ്റ്റാറന്റുകൾ, കൺവെൻഷൻ സെന്ററുകൾ, ഓപൺ ഓഡിറ്റോറിയം തുടങ്ങിയവയാണ് പദ്ധതിയിലുണ്ടാവുക. ബേക്കലിൽ നിലവിലെ റിസോർട്ടുകൾക്കുപുറമെ സിലക്ഷൻ കൂടിയാവുന്നതോടെ റൂമുകളുടെ എണ്ണം 270 ആവും. ബേക്കൽ ടൂറിസം പദ്ധതി നടപ്പിലാക്കാനാണ് 1995ൽ സംസ്ഥാന സർക്കാർ ബേക്കൽ റിസോർട്ട് ടെവലപ്മെന്റ് കോർപറേഷൻ രൂപവത്കരിച്ചത്. കോർപറേഷന്റെ 235 ഏക്കർ പാട്ടത്തിന് നൽകി ആറ് റിസോർട്ടുകൾ നിർമിക്കുകയായിരുന്നു ലക്ഷ്യം. ഇതിൽ താജ്, ലളിത് റിസോർട്ടുകളാണ് ഇതിനകം തുടങ്ങിയത്. സിലക്ഷൻ ബ്രാൻഡുമെത്തുന്നതോടെ റിസോർട്ടുകളുടെ എണ്ണം മൂന്നാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.