മൊഗ്രാൽ: ജില്ലയിൽ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ നായ്ക്കളുടെ ശല്യമേറുന്നു. നായ്ക്കളെ വളർത്തുന്നതിന് നിയന്ത്രണമോ വിലക്കോ ഏർപ്പെടുത്തണമെന്ന് മൊഗ്രാൽ ദേശീയവേദി ആവശ്യപ്പെട്ടു.
വിവിധ ആവശ്യങ്ങൾക്കായി സർക്കാർ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങൾക്ക് അവിടെയുണ്ടാകുന്ന നായ്ക്കൂട്ടങ്ങൾ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ഒരു കുട്ടിക്ക് കഴിഞ്ഞയാഴ്ചയാണ് നായുടെ കടിയേറ്റത്. ഈ സാഹചര്യത്തിൽ നായെ ജീവനക്കാർക്ക് കെട്ടിയിട്ട് വളർത്താൻ സംവിധാനമുണ്ടാക്കണം. അല്ലെങ്കിൽ, വിലക്ക് ഏർപ്പെടുത്തണമെന്നും ദേശീയവേദി ആവശ്യപ്പെട്ടു.
ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലാണ് ഏറെയും നായ്ക്കൂട്ടങ്ങളുടെ വിളയാട്ടം. യാത്രക്കാർ വിശ്രമിക്കേണ്ട ഇടങ്ങളൊക്കെ നായ്ക്കൂട്ടം കൈയേറിയിരിക്കുന്ന കാഴ്ചയാണ് കാണുന്നത്. ഇത് യാത്രക്കാർക്ക് ഏറെ പ്രയാസവും ഭീഷണിയുമുണ്ടാക്കുന്നു. സർക്കാർ ആശുപത്രികളിലും പൊലീസ് സ്റ്റേഷനുകളിലും ഇതുതന്നെയാണ് സ്ഥിതി.
സ്ത്രീകളും കുട്ടികളും രോഗികളും മുതിർന്ന പൗരന്മാരും പൊലീസ് സ്റ്റേഷനിലും ആശുപത്രികളിലും എത്തുമ്പോൾ വരവേൽക്കുന്നത് നായ്ക്കൂട്ടങ്ങളാണ്. ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഇത്തരത്തിൽ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്.
നാടുനീളെ നായ് ശല്യത്തിൽ പൊതുജനങ്ങൾ പൊറുതിമുട്ടിനിൽക്കുമ്പോഴാണ് ഇത്തരത്തിൽ സർക്കാർസ്ഥാപനങ്ങളിലെ ജീവനക്കാരുടെ നായ് സ്നേഹം. ഇവ റോഡിൽ കിടന്നും ഇരുചക്രവാഹനക്കാരുടെ മുന്നിൽ ചാടിവീണും അപകടം വരുത്തുന്നതും നിത്യസംഭവമാവുകയാണ്. ഇതൊഴിവാക്കാൻ സർക്കാർസംവിധാനങ്ങൾ നേരാംവണ്ണം ഉപയോഗപ്പെടുത്തുന്നില്ലെന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.